കോവിഡിന്റെ മറവില്‍ ഷാഹിന്‍ ബാഗ് സമരപന്തല്‍ പൊളിച്ചുനീക്കി

6
ഷാഹിന്‍ ബാഗിലെ സമര പന്തല്‍ പൊളിച്ചു നീക്കിയ സ്ഥലത്ത് പൊലീസ് കാവല്‍ നില്‍ക്കുന്നു

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ മറവില്‍ ഷാഹിന്‍ ബാഗിലെ സി.എ.എ വിരുദ്ധ സമരപന്തല്‍ ഡല്‍ഹി പൊലീസ് പൊളിച്ചുനീക്കി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി സമരപന്തല്‍ പൊളിച്ചുനീക്കിയത്.
അര്‍ധ സൈനിക വിഭാഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. ആറ് സ്ത്രീകളടക്കം ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅഃ മില്ലിയ സര്‍വകലാശാലയിലെ സമരപന്തലും പൊളിച്ചുനീക്കിയിട്ടുണ്ട്. ജാമിഅഃ കോഡിനേഷന്‍ കമ്മിറ്റി നേരത്തെ തന്നെ സമരം അവസാനിപ്പിച്ചിരുന്നെങ്കിലും സമരപന്തല്‍ നിലനിര്‍ത്തിയിരുന്നു. ഇതാണ് പത്ത് മണിയോടെ പൊലീസ് പൊളിച്ചുനീക്കിയത്. സി.എ. എ.ക്കെതിരെ പ്രതിഷേധം തുടരുകയായിരുന്ന ജാഫറാബാദ്, തുര്‍ക്മാന്‍ ഗേറ്റ് എന്നിവിടങ്ങളില്‍ നിന്നും സമരക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ഹൃദയഭൂമിയായിരുന്ന ഷാഹിന്‍ ബാഗില്‍ തുടര്‍ച്ചയായ 101 ദിവസത്തെ സമരത്തിന് ശേഷമാണ് പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞത്.
കോവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സമരപന്തലിലെ ആള്‍ക്കൂട്ടത്തെ നിശ്ചിത ദൂരത്തില്‍ കുറച്ചുപേര്‍ മാത്രം ഇരുന്നും ആളുകള്‍ക്ക് പകരം ചെരുപ്പ് നിരാഹാരകട്ടിലില്‍ വെച്ചുമായിരുന്നു പ്രതിഷേധം മുന്നോട്ടുപോയിരുന്നത്. ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളോടെല്ലാം പ്രതിഷേധക്കാര്‍ സഹകരിക്കുകയും ചെയ്തിരുന്നു. സമരപന്തലില്‍ ഒരേ സമയം അഞ്ചു പേരെ മാത്രമായി ചുരുക്കി.
70 വയസിന് മുകളിലുള്ളവരെയും 10 വയസിന് താഴെയുള്ളവരെയും പന്തലില്‍ നിന്ന് ഒഴിവാക്കി. സമരക്കാര്‍ക്കായി പ്രത്യേക ബെഞ്ചുകളും സാനിറ്റൈസറുകളും പന്തലില്‍ ഒരുക്കുകയും നിശ്ചിത ഇടവേളകളില്‍ വേദി അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ ജനത കര്‍ഫ്യൂ ദിനമായ ഞായറാഴ്ച ഷാഹിന്‍ ബാഗിലും ജാമിഅഃ മില്ലിയ സര്‍വകലാശാലയിലും അജ്ഞാതര്‍ ആക്രമണം നടത്തിയിരുന്നു.