കോവിഡിനെ നേരിടാനുള്ള യുഎഇ ശ്രമങ്ങള്‍ക്ക് സഹായവുമായി വിപിഎസ് ഹെല്‍ത് കെയര്‍

73
വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറാന്‍ തയ്യാറാക്കിയ ശുചിത്വ സാമഗ്രികള്‍ അബുദാബിയിലെ സിവ യൂണിറ്റില്‍

ശുചിത്വ സാമഗ്രികള്‍ ലഭ്യമാക്കാന്‍ വിപിഎസ് സിവ അബുദാബിയില്‍
പുതിയ ഉല്‍പാദന കേന്ദ്രം തുറന്നു
അബുദാബി: കൊറോണ വൈറസിനെ നേരിടാനുള്ള യുഎഇ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് സഹായ ഹസ്തവുമായി മേഖലയിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത് കെയര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ (ഒരു മില്യന്‍ ദിര്‍ഹം) വില മതിക്കുന്ന ആരോഗ്യ ശുചിത്വ സാമഗ്രികള്‍ വിപിഎസ് ഹെല്‍ത് കെയര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി. ഹാന്‍ഡ് സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍, വിറ്റാമിന്‍ ഗുളികകള്‍ തുടങ്ങിയവയാണ് കൈമാറിയത്.
മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും ആവശ്യം വര്‍ധിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് ആശ്വാസം പകര്‍ന്നാണ് വിപിഎസ് ഹെല്‍ത് കെയറിന്റെ ഇടപെടല്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ മന്ത്രാലയം മുന്നോട്ട് പോകുന്നതിനിടെയാണ് സഹായം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷിത ചുറ്റുപാട് ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് വിപിഎസ് ഹെല്‍ത് കെയര്‍ നല്‍കിയ പിന്തുണ പ്രശംസനീയമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അല്‍ഹമ്മാദി പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ആരോഗ്യ സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. അതിന് നല്‍കിയ പിന്തുണക്ക് വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിന് നന്ദിയുണ്ട്. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി വിവിധ പൊതുസ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രാലയം എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. യുഎഇ സര്‍ക്കാറും ആേരാഗ്യ മന്ത്രാലയവും വൈറസ് ബാധ നിയന്ത്രിക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണെന്നും സ്വകാര്യ മേഖലയും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ശുചിത്വ ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചു വരുന്നത് പരിഗണിച്ച് വിപിഎസ് ഹെല്‍ത് കെയറിന് കീഴിലുള്ള ആരോഗ്യ ഉല്‍പന്ന നിര്‍മാണ കമ്പനിയായ സിവ അബുദാബി കിസാഡില്‍ പുതിയ യൂണിറ്റ് തുറന്നു. ഷാര്‍ജയിലും ദുബൈ ജബല്‍ അലിയിലുമുള്ള സിവയുടെ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് പുതിയ യൂണിറ്റ്. 50,000 മാസ്‌കുകളും ഒരു ലക്ഷത്തിലധികം യൂണിറ്റ് സാനിറ്റൈസറുകളുമാണ് കമ്പനി ഒരു ദിവസം ഉല്‍പാദിപ്പിക്കുന്നത്. ഇവ വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ വിതരണം ചെയ്യുന്നത്.