കൊച്ചി: പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ സിപിഎം നേതാവും ഭാര്യയും ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവ് നിധിന് (30), ഇയാളുടെ ഭാര്യ ഷിന്റു(27), കേസിലെ രണ്ടാം പ്രതിയായ മഹേഷ് എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജ് ബി കലാം പാഷ ഈ മാസം 17 വരെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് മൂന്നുപേരെയും മൂവാറ്റുപുഴ സബ്ജയിലില്‍ അടച്ചു.
എറണാകുളം കളക്ട്രേറ്റിലെ ഭരണാനുകുല സംഘടനാ നേതാവായ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളും റിമാന്‍ഡിലാണ്. കേസില്‍ മൂന്നാം പ്രതിയായ മറ്റൊരു സി.പി.എം നേതാവ് അന്‍വര്‍ ഇപ്പോഴും ഒളിവിലാണ്. നിധിനെയും ഭാര്യ ഷിന്റുവിനെയും കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപെടുത്തിയത്. വിഷ്ണു പ്രസാദ് നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ നിക്ഷേപിച്ച ശേഷം ഈ പണം പ്രതികള്‍ പിന്‍വലിച്ച് കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. കൂട്ടുപ്രതി മഹേഷാണ് നിധിനെ വിഷ്ണുവിന് പരിചയപ്പെടുത്തിയത്. അതേസമയം അക്കൗണ്ടിലെത്തിയ പണം വാങ്ങിക്കൊണ്ടുപോയ സംഘം ഒരു രൂപ പോലും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ഷിന്റു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ രണ്ടുസത്രീകളെ കൂടി പ്രതിചേര്‍ത്തതായും സൂചനയുണ്ട്.