നമുക്കെന്ത് കൊറോണ…..

കോവിഡ്-19 ലോകത്താകമാനം ഭീതി പടര്‍ത്തുമ്പോള്‍ കായിക ഷെഡ്യൂളും മാറി മറിയുകയാണ്. ജൂലൈ 24ന് ടോക്കിയോവില്‍ ആരംഭിക്കേണ്ട ഒളിംപിക്‌സ് സംബന്ധിച്ച് സമ്പൂര്‍ണ്ണ പ്രതിസന്ധിയാണ്. ഇറ്റാലിയന്‍ സിരിയ എ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അനിശ്ചിതമായി റദ്ദാക്കിയിരിക്കുന്നു. ഇന്ത്യയില്‍ നടക്കേണ്ട ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിച്ചിരിക്കുന്നു. ഒളിംപിക്‌സ് യോഗ്യതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഭാഗികമായി നിര്‍ത്തിയിരിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ഒരു തരത്തിലും മാറ്റില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെ തന്നെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്കും മാറ്റമില്ലെന്നാണ്  റിപ്പോര്‍ട്ട്. 43  കോറോണ കേസുകളാണ് ഇന്ത്യയില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  ഇന്ത്യയും ദക്ഷിണാഫ്രിക്കയും കോറോണ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ പരമ്പരക്ക്് തടസ്സമില്ലെന്നാണ് റിപ്പോര്‍ട്ട്. വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടി-20 പരമ്പര നേടിയെങ്കിലും ഏകദിന-ടെസ്റ്റ് പരമ്പരകളില്‍ വന്‍ ദുരന്തമായിരുന്നു. ഏകദിന പരമ്പരയിലെ മൂന്ന് മല്‍സരങ്ങളിലും തകര്‍ന്നു. രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടു. അതിനാല്‍ ശക്തരായി തിരിച്ചുവരാനും നഷ്ടപ്രതാപം വീണ്ടെടുക്കാനുമുള്ള അവസരമാണ് കോലിക്ക്. ദക്ഷിണാഫ്രിക്കയാവട്ടെ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയക്കാരെ തകര്‍ത്താണ് വരുന്നത്. ഫാഫ് ഡുപ്ലസി ഏകദിന ടീമിന്റെ  നായക സ്ഥാനം  രാജിവെച്ച ശേഷം ക്വിന്റണ്‍ ഡി കോക്കിന്റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നലെ എത്തിയത്.