റസാഖ് ഒരുമനയൂര്‍
അബുദാബി: ലോകം കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണ്. ഓരോ മണിക്കൂറിലും കൊറോണ വൈറസ് മൂലമുള്ള മരണ സംഖ്യ ഉയരുകയും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ചൈനയില്‍നിന്നും കടല്‍ കടന്നു വിവിധ രാജ്യങ്ങളിലേക്ക് നീങ്ങിയ അതിഭീകരവും മാരകവുമായ കൊറോണ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭീതി പരത്തിക്കൊണ്ടിരി ക്കുന്നത്.
ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയും അതിസൂക്ഷ്മതയും പാലിക്കുന്നുണ്ടെങ്കിലും വ്യാപനത്തിന് കാര്യമായ അറുതിവരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചൈനയില്‍ രോഗം പടരുന്നതിന് ശാന്തി കൈവരിക്കുന്നുണ്ടെങ്കിലും മറ്റുപല രാജ്യങ്ങളിലും അതിവേഗം പടരുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനയിലെ മാറ്റം പകരുന്ന ആശ്വാസത്തിനിടയിലും സ്‌പെയിന്‍, ജര്‍മ്മനി പോലെയുള്ള രാജ്യങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 105,00 പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര കണക്കുകള്‍ പറയുന്നത്. 256,000പേര്‍ രോഗബാധിതരായി കഴിയുകയാണ്. ഇതില്‍ 7467പേര്‍ വിവിധ രാജ്യങ്ങളിലായി ഗുരുതരാവസ്ഥയിലാണ്. ഓരോദിവസവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച മാത്രം 900പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ ഇന്നലെ മരണ സംഖ്യ വളരെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം സ്‌പെയിനില്‍ ഇന്നലെ 210 പേരും ഇറാനില്‍ 149 പേരും മരണപ്പെട്ടതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറ്റലിയില്‍ ഇതുവരെയായി 3405പേരും ചൈനയില്‍ 3248പേരുമാണ് മരണമടഞ്ഞിട്ടുള്ളത്. ചൈനക്കു തൊട്ടുപിന്നാലെ കൊറോണ വൈറസ് കടന്നുചെന്ന ഇറാനില്‍ 1433 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. സ്‌പെയിനില്‍ 1041 ആയി മരണസംഖ്യ ഉയര്‍ന്നു. ഫ്രാന്‍സില്‍ ഇന്നലെ ആര്‍ക്കും പുതുതായി രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം അമേരിക്കയില്‍ പുതുതായി 241 പേര്‍ക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മരണസംഖ്യ 218 ആയി ഉയരുകയും ചെയ്തു. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 14,439 ആയി വര്‍ധിച്ചു. വിവിധ രാജ്യങ്ങളിലായി 89,918 പേര്‍ ഇതിനകം രോഗവിമുക്തരായിട്ടുണ്ട്. എന്നാല്‍ ജര്‍മ്മനിയിലും സ്‌പെയിനിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ശക്തമായ നിര്‍ദ്ദേശങ്ങളാണ് ലോകരാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. സിസ്സര്‍ലാന്റ്, നെതര്‍ലാന്റ്, ബല്‍ജിയം എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.