സൈക്‌ളിംഗ് ടൂര്‍ :2 ഇറ്റാലിയന്‍ രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 167 പേര്‍ക്ക് വൈറസ് ബാധയില്ല

15

ദുബൈ: കൊറോണ വൈറസ് ബാധിതരായ രണ്ടു ഇറ്റാലിയന്‍ രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന യാസ് ഐലന്റിലെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരുന്ന 167 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. അവശേഷിക്കുന്നയാളുകള്‍ നിരീക്ഷണത്തിലാണ്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കകം ലാബ് റിസള്‍ട്ടുകള്‍ തയാറാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയ സഹകരണത്തില്‍, ഇറ്റാലിയന്‍ സൈക്‌ളിസ്റ്റുകളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് രണ്ടു ഹോട്ടലുകളില്‍ കഴിയുന്ന അതിഥികള്‍ക്കായി വകുപ്പ് എല്ലാ മുന്‍കരുതല്‍ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 2020 യുഎഇ ടൂര്‍ സൈക്‌ളിംഗ് മല്‍സരത്തിലെ ബാക്കിയുള്ള റൗണ്ടുകള്‍ റദ്ദാക്കിയതായി അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രസിദ്ധീകരിച്ചിരുന്നു.

കെറോണ വൈറസ് ബാധ തടയാന്‍ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് വകുപ്പ സാധ്യമായ എല്ലാ പ്രയത്‌നങ്ങളും സ്വീകരിച്ചു വരികയാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വൈറസ് തടയാന്‍ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോയിന്റുകളിലും തെര്‍മല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ യോഗ്യരായ മെഡിക്കല്‍ സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ലബോറട്ടറി ടെസ്റ്റുകള്‍ക്ക് ആവശ്യമായ വൈദ്യ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.