മരണം 12,800; ഭയപ്പെട്ട് ലോകരാജ്യങ്ങള്‍; രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

14

അബുദാബി: കണക്കുകൂട്ടലുകളും ആശ്വാസ ചിന്തകളും തെറ്റിച്ചുകൊണ്ട് കോവിഡ്-19 അതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ മരണ സംഖ്യ 13,000ത്തിലേക്കും രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്കും കടക്കുന്നു. കോടിക്കണക്കായ ലോകജനത ആശങ്കയുടെ മുള്‍മുനയിലൂടെയാണ് ഓരോ നിമിഷവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദ്രുതഗതിയില്‍ മരണ സംഖ്യ ഉയരുമ്പോള്‍ ലോകാരോഗ്യ സംഘനടപോലും പകച്ചുനില്‍ക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
സൂക്ഷ്മതയും ശുചിത്വവും ആഗോള ബോധവല്‍ക്കരണവുമെല്ലാം നടത്തിയിട്ടും മ ഹാമാരി രോഗപ്രളയം സൃഷ്ടിക്കുകയാണ്. ദിനംപ്രതി ഉയരുന്ന രോഗികളുടെ എണ്ണവും മരണനിരക്കും വരുംദിവസങ്ങളിലും കൂടുതല്‍ ഉയര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ ലോകമനസ്സാക്ഷിയെ നടുക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുന്ന കൊറോണയെ തടുത്തുനിറുത്താന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ രാജ്യങ്ങളിലായി 12,800പേരുടെ മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 24മണിക്കൂറിനകം 1300ല്‍പരം പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷത്തോടടുക്കുന്നു. ഓരോദിവസവും മരണസംഖ്യ ആയിരം കടക്കുന്നുവെന്നത് കൊറോണ വൈറസിന്റെ വ്യാപ്തിയാണ് വിളിച്ചോതുന്നത്. വിവിധ രാജ്യങ്ങളിലായി ഒമ്പതിനായിരത്തിലേറെ പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീകരാവസ്ഥയില്‍ കഴിയുമ്പോള്‍ ഇതര രാജ്യങ്ങളുടെ അവസ്ഥയും ആശ്വാസകരമായ വിധത്തിലല്ല. ഇറ്റലിയില്‍ വെള്ളിയാഴ്ച മരണ റിപ്പോര്‍ട്ട് കുറവായിരുന്നുവെങ്കിലും ഇന്നലെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. 6600പേരെയാണ് പുതുതായി രോഗം പിടികൂടിയത്. മൊത്തം രോഗികളുടെ എണ്ണം 54,000ത്തിലേക്കടുക്കുന്നു. മരണ സംഖ്യ 4825 ആയി ഉയരുകയും ചെയ്തു. മുവ്വായിരത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്. അതീവ ജാഗ്രതപോലും ഇവിടെ പാളിപ്പോകുകയാണെന്ന ആശങ്ക ഇതര രാജ്യങ്ങളെയും കടുത്ത ഭീതിയിലാക്കുന്നുണ്ട്. ചൈനയില്‍ 3255 പേരാണ് മരണമടഞ്ഞത്. സ്‌പെയിനിലെ മരണ സംഖ്യ 1378 ആയാണ് ഉയര്‍ന്നിട്ടുള്ളത്. ഇവിടെയാണ് ഇന്നലെ ഏറ്റവും വേഗത്തില്‍ മരണസംഖ്യ ഉയര്‍ന്നത്. ജര്‍മ്മനി 2006,ഇറാന്‍ 1556,അമേരിക്ക 282,ഇംഗ്ലണ്ട് 180 എന്നിങ്ങനെയാണ് മരണ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിലായി 95500പേര്‍ ഇതിനകം രോഗ വിമുക്തരായിട്ടുണ്ടെങ്കിലും ഭീതിതമായ അവസ്ഥയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷത്തോടടുക്കുന്നുവെന്നത് ഞെട്ടലോടെയാണ് അമേരിക്കന്‍ ജനത നോക്കിക്കാണുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക നാലാംസ്ഥാനത്തെത്തിയെന്നത് തന്നെയാണ് ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഭീതിയിലാഴ്ത്തുന്നത്. ചൈന, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്കുപിന്നില്‍ യുഎസും തൊട്ടുപിന്നില്‍ ജര്‍മ്മനി, ഇറാന്‍ എന്നീ രാജ്യങ്ങളാണുള്ളത്.