റോഡിരികിലൂടെ നടന്നു പോകവേ വാഹനമിടിച്ച് ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി

39
ഗിരിഷ് കുമാര്‍

ദുബൈ: ദുബൈ-അല്‍ ഐന്‍ റോഡിലെ മര്‍ഖാം ഏരിയയില്‍ റോഡരികിലൂടെ നടന്നു പോകവേ, വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് 14 ദിവസമായി റാഷിദ് ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ കാട്ടിയം പാപ്പിനിശ്ശേരി സ്വദേശി ഗിരീഷ് കുമാര്‍ കീരംകണ്ടിയില്‍ (39) നിര്യാതനായി. റോഡരികിലൂടെ നടക്കുകയായിരുന്ന ഗിരീഷിനെ ഒമാന്‍ സ്വദേശി ഓടിച്ച വാഹനമാണ് ഇടിച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു സംഭവം.
അപകടം നടന്നത് അറിഞ്ഞത് മുതല്‍ നാട്ടിലും ഇവിടെയും സഹായങ്ങളും നടപടിക്രമങ്ങളുമായി ‘വെയ്ക്’ ഭാരവാഹികളും നാട്ടുകാരുമായ അന്‍സാരി പയ്യാമ്പലവും സി.സതീശനും ശശികുമാറും സുരേഷ് കുമാറും സജീവമായി രംഗത്തുണ്ടായിരുന്നു.
കെ.വി കുഞ്ഞികൃഷ്ണന്‍-രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിഷ ഗിരീഷ് കണ്ണാടിപ്പറമ്പ്. മക്കള്‍: ദേവപ്രിയ, ദേവിക് ഗിരീഷ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍.കെ, ഷീബ.കെ. മൃതദേഹം പ്രാരംഭ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. വെയ്ക് ജന.സെക്രട്ടറി സതീശന്‍ മൃതദേഹത്തെ അനുഗമിക്കും.
എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി(ഇനോക്)യില്‍ ഷിഫ്റ്റ് സൂപര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു ഗിരിഷ്. വലിയ കുടുംബത്തിന്റെ അത്താണിയായിരുന്നു. ഗിരീഷ് കുമാറിന്റെ നിര്യാണത്തില്‍ വെയ്ക് അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.