ഇരകളെ മതം നോക്കാതെ സഹായിക്കും: മുസ്‌ലിംലീഗ്‌

22
ന്യൂഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണ ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് ഭീകരരുടെ അക്രമത്തിനിരയായ മുഴുവനാളുകളെയും ജാതി, മത വിവേചനമില്ലാതെ സഹായിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍. ഡല്‍ഹി ഓള്‍ഡ് മുസ്തഫാബാദില്‍ കൊല്ലപ്പെട്ടവവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുസ്‌ലിം ലീഗ് സബ്കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവരുടെ മുഴുവന്‍ സമയവും സാന്നിധ്യം ഡല്‍ഹിയില്‍ ഉറപ്പുവരുത്തുമെന്നും ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്ദീന്‍ അറിയിച്ചു.
കലാപത്തില്‍ ദുരിതമനുഭവിക്കുന്നവരെ കരകയറ്റാന്‍ സര്‍ക്കാര്‍ സംവിധാനത്തെയും മറ്റു സന്നദ്ധ സംഘടനകളെയും ചേര്‍ത്തു പിടിക്കുമെന്നും മരിച്ച മുഴുവന്‍ ജനങ്ങളിലേക്കും മുസ്‌ലിം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ എത്തിക്കുമെന്നും ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കലാപത്തിലൂടെ വംശീയ ഉല്‍മൂലനമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അക്രമത്തെ തുടര്‍ന്ന് നാടുവിട്ടവരെ തിരികയെത്തിക്കും വരെ മുസ്‌ലിം ലീഗ് വിശ്രമിക്കില്ലന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.  ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശ്രമകരമായ ദൗത്യമാണെന്നും എന്നാല്‍ മുസ്‌ലിം ലീഗില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉറപ്പ് നല്‍കി. രാജ്യത്തിന്റെ മതേതര സംവിധാനത്തെ തകര്‍ക്കാനുള്ള സംഘുപരിവാര്‍ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം.പി നവാസ് ഖനിയും മുസ്‌ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.