
ന്യൂഡല്‍ഹി: കലാപനാളുകളില്‍ സംഘ്പരിവാര്‍ ഭീകരര്‍ തീയിട്ടു നശിപ്പിച്ച സ്‌കൂള്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി പുനര്‍നിര്‍മ്മിച്ചു നല്‍കുന്നു. ശിവ്‌വിഹാര്‍ മേഖലയിലെ കമല്‍വിഹാറില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഇ.എസ് പബ്ലിക് സ്‌കൂളാണ് പാര്‍ട്ടി ദേശീയ കമ്മിറ്റി പുനര്‍നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള ആദ്യ ഗഡു മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്‌കൂള്‍ മാനേജര്‍ ആഷ് മുഹമ്മദിന് കൈമാറി.
ഡല്‍ഹിയില്‍ കലാപം രൂക്ഷമായ മാര്‍ച്ച് 25 ന് ഉച്ചക്ക് 12 മണിയോടെയാണ് സ്‌കൂള്‍ കത്തിച്ചതെന്ന് ആഷ് മുഹമ്മദ് പറയുന്നു. കമല്‍ വിഹാറിലെ സ്‌കൂളില്‍ എല്ലാ വിഭാഗത്തിലും പെട്ട 372 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഉര്‍ദുവും സംസ്‌കൃതവും ഒരു പോലെ പഠിപ്പിക്കുന്നു എന്നതാണ് സവിശേഷത. നഴ്‌സറി മുതല്‍ എട്ടാം ക്ലാസുവരെ അധ്യയനം നല്‍കുന്നുണ്ട്. സ്‌കൂളിന്റെ മൂന്നാം നിലയില്‍ കുടുംബസമേതം താമസിക്കുകയാണ് ആഷ് മുഹമ്മദ്. താഴെ നിലയില്‍ നിന്ന് തീ ആളിപ്പടരുമ്പോള്‍ ആഷ് മുഹമ്മദും ഭാര്യ ഷാദ്മയും മക്കളായ സന സൈഫി, അമന്‍ സൈഫി, ആലിയ സൈഫി എന്നിവരും സ്‌കൂള്‍ െ്രെഡവറായ കല്യാണ്‍ സിംഗും കെട്ടിടത്തിലുണ്ടായിരുന്നു.
ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, പഠനസാമഗ്രികള്‍, പുസ്തകങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്നു. മുകള്‍ നിലയിലെ ബാത്ത് റൂമില്‍ ഒളിച്ചിരുന്നത് കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. അക്രമികള്‍ പിന്‍വാങ്ങിയ ശേഷം മുകള്‍നിലയില്‍ നിന്ന് അലറിക്കരഞ്ഞ ഇവരെ നാട്ടുകാര്‍ കയര്‍ വഴി താഴെ ഇറക്കുകയായിരുന്നു. നാട്ടുകാരോടും സുഹൃത്തുകളോടും കടം വാങ്ങി സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം സ്‌കൂളിലെത്തിയത്. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, നവാസ് ഗനി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന റിവ്യൂ മീറ്റിംഗിലാണ് സ്‌കൂളിന്റെ പുനര്‍ നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുക്കാന്‍ തീരുമാനമായത്. നിനച്ചിരിക്കാത്ത നേരത്ത് മുസ്‌ലിംലീഗിന്റെ സഹായം തേടിയെത്തിയതിന്റെ ആശ്വാസത്തിലാണ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും, വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടമായര്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായത്തിനു പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനര്‍നിര്‍മ്മാണമടക്കം ഉള്‍ക്കൊള്ളുന്ന സമഗ്രമായ പുനരധിവാസ പദ്ധതിയാണ് ഡല്‍ഹിയില്‍ മുസ്‌ലിംലീഗ് ലക്ഷ്യമിടുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
മുസ്‌ലിംലീഗ് ഡല്‍ഹി പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുക. യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുക. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡണ്ട് അഡ്വ.വി.കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍.എ കരീം, എ.ഐ.കെ. എം.സി.സി ട്രഷറര്‍ പി.പി ഖാലിക് എന്നിവരും സന്നിഹിതരായിരുന്നു.