ദുബൈ: ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളെ നിസാരവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ എ.കെ മുസ്തഫ അഭിപ്രായപ്പെട്ടു. ദുബൈയില്‍ മിഡ ില് ഈസ്റ്റ് ചന്ദ്രികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി കലാപത്തില്‍ ആര്‍ക്കാണ് പങ്കെന്നത് സാമാന്യ ബോധ്യമുള്ള ആളുകള്‍ക്കൊക്കെ ഇതിനകം മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. കലാപം തടയുന്നതിലും അമര്‍ച്ച ചെയ്യുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നത് മാത്രമല്ല, അതിന് സൗകര്യമൊരുക്കുകയും ചെയ്തുവെന്ന നിലക്കുള്ള നിരീക്ഷണങ്ങളുണ്ട്. ഡല്‍ഹി പൊലീസ് അക്രമകാരികളോടൊപ്പം ചേര്‍ന്ന് നിരപരാധികളെ ആക്രമിക്കുന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും മറ്റും നമുക്ക് മുന്നില്‍ തെളിവുകളായുണ്ട്. ഡല്‍ഹി കലാപത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട, ആക്രമിക്കപ്പെട്ട മനുഷ്യരുടെ ആശ്രിതരോട് ഇന്ത്യയിലെ ജനാധിപത്യ സമൂഹവും ലോകമാകെയും സഹാനുഭൂതി പ്രകടിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനും കലാപവുമായി ബന്ധപ്പെട്ട കേസുകളെ നിസാരവത്കരിക്കാനും കൗണ്ടര്‍ ചെയ്യാനും കോണ്‍ഗ്രസ്സാണ് കലാപത്തിന് ഉത്തരവാദികളെന്ന നിലയിലുള്ള ബാലിശമായ കുപ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തെ അനുസ്മരിപ്പിക്കുന്ന വംശഹത്യയാണ് ഡല്‍ഹിയിലുണ്ടായത്. ഷഹീന് ബാഗില്‍ മരം കോച്ചുന്ന തണുപ്പിലും കരുത്തുറ്റ നിശ്ചയ ദാര്‍ഢ്യത്തോടെ സമരം നയിച്ച സ്ത്രീകളും കുട്ടികളും ചരിത്രത്തില്‍ തുല്യതയില്ലാത്ത അടയാളപ്പെടുത്തലാണ് നടത്തിയത്. ഷഹീന് ബാഗുകള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി രാജ്യം മുഴുക്കെ വ്യാപിക്കുന്നതില്‍ അസ്വസ്ഥരായിരുന്നു ബിജെപി നേതാക്കള്‍. ഈ സമരം നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളുടെ വീടുകളിലേക്കും ഇവര്‍ വരുമെന്ന രീതിയില്‍ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അവിടത്തെ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കും വിധം പ്രസംഗിച്ചിരുന്നു. സമക്കാരെ മൂന്നു ദിവസത്തിനകം മാറ്റിയില്ലെങ്കില്‍ തങ്ങള്‍ മാറ്റുമെന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതും തുടര്‍ന്ന് ഒരു സമൂഹത്തെ തുടച്ചു നീക്കാന്‍ കൊലകളും കൊള്ളയും കൊള്ളിവെപ്പും നടത്തുകയുമാണ് ചെയ്തത്. വളരെ ശാന്തമായാണ് സ്ത്രീകളും കുട്ടികളുമടക്കം ഷഹീന്‍ബാഗില്‍ സമരം ചെയ്തത്. ഒരു പ്രശ്നവും അവര്‍ ഉണ്ടാക്കിയില്ല. ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് ആ സമരത്തിലെ ആദ്യ രക്തസാക്ഷിയായി. ഈ സമരം കലക്കാന്‍ വേഷം മാറി കൈത്തോക്കുമായി ഒരാളെത്തി വെടി വെക്കാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. എന്നാല്‍, ജനങ്ങള്‍ കലാപത്തിനു ശേഷവും ഒന്നിച്ചുവെന്നതും അവരെ വിഭാഗീയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും മത ഭേദമില്ലാതെ അവര്‍ പരസ്പര സഹായികളായി മാറിയെന്നതും ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. തകര്‍ക്കപ്പെട്ട പള്ളിയില്‍ മുസ്ലിംകള്ക്ക് ജുമുഅ നിര്‍വഹിക്കാന്‍ ചങ്ങല കെട്ടി സംരക്ഷണമൊരുക്കിയ ഹിന്ദു സഹോദരങ്ങള്‍ അതിന് തെളിവായിരുന്നു. മുസ്ലിംകള്ക്ക് താവളമൊരുക്കിയ ഗുരുദ്വാരകളും ഹിന്ദു സമൂഹത്തിന്റെ ക്ഷേത്രങ്ങള്‍ക്ക് മുസ്ലിംകള് കാവല്‍ നിന്നതും ഇത്തരം സൗഹൃദങ്ങള്‍ ഹരിതാഭമായി നില്‍ക്കുന്നുവെന്നത് സൂചിപ്പിക്കുന്നു. ഇത് നമുക്ക് വലിയ പ്രതീക്ഷ പകരുന്നതാണ്.
കലാപത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തുടരുന്ന മൗനം സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേജ്രിവാള് വിജയിച്ചത് അദ്ദേഹത്തിന് കിട്ടിയ വ്യക്തിപരമായ വോട്ടല്ല. അത് ബിജെപി വിരുദ്ധ വോട്ട് കൂടിയാണെന്ന് അദ്ദേഹം മനസ്സിലാക്കി ആ നിലവാരത്തിലേക്ക് ഉയരേണ്ടിയിരുന്നു. ജുഡീഷ്യറിയില്‍ നമുക്ക് ഇപ്പോഴും വിശ്വാസമുണ്ട്. അതിന്റെ പ്രതീക്ഷാ കിരണമായിരുന്നു ജസ്റ്റിസ് മുരളീധറിന്റെ വിധി. നീതിക്കായുള്ള പോരാട്ടം നാം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.