ഡല്‍ഹി കലാപം-വേഷം നോക്കി കൊള്ളയടിക്കുന്നവര്‍

10
കലാപത്തിന്റെ ശേഷിപ്പുകള്‍ കാണാന്‍ ഇപ്പോഴും ആളുകളെത്തുന്നുണ്ട്‌

ഹാജി സാഹിബിന്റെ ജീവിത സമ്പാദ്യം മുഴുവന്‍ കലാപകാരികള്‍ കൊള്ളയടിച്ചത് തോക്കിന്‍മുനയില്‍ നിര്‍ത്തി

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സി.എ.എയെ അനുകൂലിക്കുന്നതിന്റെ മറവില്‍ ആസൂത്രിതമായി നടന്ന കലാപത്തില്‍ നാലു നില കെട്ടിടം തീവെച്ച് നശിപ്പിച്ചിട്ട് ആറു ദിവസം കഴിഞ്ഞു. പക്ഷേ അന്തരീക്ഷത്തില്‍ ഇപ്പോഴും കത്തലിന്റെ മണം തങ്ങിനില്‍ക്കുന്നു. കെട്ടിടത്തിന്റെ താഴെ നിലയില്‍ കറുത്ത ചുമരുകള്‍ മാത്രമുള്ള കത്തിക്കരിഞ്ഞ മുറിയില്‍ നാലു കുട്ടികള്‍ ഒരു കട്ടിലില്‍ ഇരിക്കുന്നു. പരിചിതമായ പ്രദേശമായിട്ടു പോലും അപരിചിതത്വം വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു നാലു പേരുടേയും മുഖഭാവങ്ങള്‍. ഇതാദ്യമായാണ് ഇവര്‍ തങ്ങളുടെ ഐഡന്റിറ്റി ന്യൂനപക്ഷം, മുസ്്‌ലിം എന്ന് തിരിച്ചറിയുന്നത്. ചില വസ്ത്രങ്ങള്‍ ധരിച്ചാല്‍ രാജ്യദ്രോഹികളാവുമെന്നതും. വസ്ത്രം കണ്ടാല്‍ അക്രമികളെ തിരിച്ചറിയാമെന്ന ഭരണാധികാരിയുടെ കല്‍പന വിദ്വേഷത്തിലൂടെ തെരുവുകളില്‍ അനുയായികളും പൊലീസുകാരും നടപ്പിലാക്കിയതിന്റെ പരിണിത ഫലം. കത്തിക്കരിഞ്ഞ കെട്ടിടത്തിനകത്ത് എന്തിന് ഇരിക്കുന്നു എന്ന ചോദ്യത്തിന് ഇത് തന്റെ അമ്മാവന്റെ സ്ഥലമായിരുന്നെന്ന മറുപടിയായിരുന്നു നാല്‍വരില്‍ ഒരാള്‍ നല്‍കിയത്. കലാപകാരികള്‍ നിറഞ്ഞാടിയ ഫെബ്രുവരി 25ന് മുമ്പ് ഇത് ഒരു ഫുട് വെയര്‍ ഷോറൂമായിരുന്നു. മുകള്‍ നിലയില്‍ താമസവും. ഇപ്പോള്‍ ഇവിടെ വെറും പുറം തോട് മാത്രമേയുള്ളൂ. വര്‍ഗീയ ഭ്രാന്ത് കേറിയ ഒരു കൂട്ടം കലാപകാരികള്‍ കൊള്ളയടിച്ച ശേഷം തീവെച്ച് നശിപ്പിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം. കെട്ടിടം ഹാജി സാഹിബിന്റേതാണെന്ന് ഉറപ്പ് വരുത്തിയാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്. തൊട്ടടുത്ത കട ‘നമ്മുടെ’ ആളുടേതായതിനാല്‍ അതിന് കേടുപാട് വരരുതെന്ന് കലാപത്തിനിടയിലും അക്രമികള്‍ വിളിച്ചു പറഞ്ഞിരുന്നത്രേ. കെട്ടിടം തീയിട്ട് തകര്‍ത്തപ്പോള്‍ ജീവഹാനി സംഭവിച്ചില്ലെന്ന് മാത്രം. പക്ഷേ ഒരു പുരുഷായുസ്സ് കൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം ഒരു നിമിഷം കൊണ്ട് ചാരമാക്കിയാണ് കലാപകാരികള്‍ മടങ്ങിയത്. ഹാജി സാഹബ് എന്ന് സമീപവാസികള്‍ വിളിക്കുന്ന 40കാരന് 25ന് നടന്ന സംഭവങ്ങള്‍ വള്ളി പുള്ളി തെറ്റാതെ ഓര്‍മയുണ്ട്. വാളുകളും തോക്കുമായി ജയ് ശ്രീറാം വിളികളോടെ എത്തിയ ഒരു കൂട്ടം അക്രമികള്‍ ആദ്യം തന്റെ നേരെ തോക്ക് ചൂണ്ടി പിന്നാലെ കെട്ടിടത്തിലേക്ക് നിരവധി തവണ വെടിവെച്ചു. മുല്ലാഓം കോ മാരോ (മുസ്്‌ലിംകളെ മര്‍ദ്ദിക്കൂ) എന്ന് അക്രമി സംഘത്തിലുള്ളവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഷോപ്പിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കൊള്ളയടിച്ചു. ശേഷം തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷം കെട്ടിടത്തിന് തീയിടുകയായിരുന്നു. മുസ്്‌ലിം അല്ലെങ്കില്‍ ന്യൂനപക്ഷം ഒരിക്കലും തല ഉയര്‍ത്തരുതെന്ന ഭീഷണിയുമായി അക്രമി സംഘം നടന്നകന്നപ്പോള്‍ കണ്‍മുന്നില്‍ ജീവിത സമ്പാദ്യമെല്ലാം എരിഞ്ഞ് ചാമ്പലാകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിവരിക്കുമ്പോള്‍ കണ്ണീരിനിടയിലും ശൂന്യമാക്കപ്പെട്ട തന്റെ ഫുട് വെയര്‍ ഷോറൂമിലേക്ക് ഹാജി സാഹബ് ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു.