ദേവനന്ദയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയതാണോ എന്ന് സംശയം

37

കൊല്ലം: പള്ളിമണ്‍ ഇളവൂരില്‍ ഏഴുവയസ്സുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്ന് പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൃതശരീരം അഴുകി തുടങ്ങിയിരുന്നു. 18 മുതല്‍ 20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നും പോസ്റ്റുമാര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധര്‍ പൊലീസിനെ അറിയിച്ചു. ഫോറന്‍സിക് സംഘം നാളെ ഉച്ചയോടെ ഇളവൂരിലെത്തി തെളിവുകള്‍ ശേഖരിക്കും. ദേവനന്ദയുടെ മുങ്ങിമരണത്തില്‍ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കള്‍ അടക്കം രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍, പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് അന്തിമ റിപ്പോര്‍ട്ടിലും ഉള്ളത്. വയറ്റില്‍ വെളളവും ചെളിയും കലര്‍ന്നിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പൊലീസിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി. ആന്തരിക രാസപരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്.
ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതക്ക് ആക്കം കൂട്ടി കുട്ടിയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി അപായപ്പെടുത്തിയതാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയം അന്വേഷണ സംഘം ഗൗരമായി എടുത്തിട്ടുണ്ട്. ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 9.30നും 10.30 നും ഇടയിലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.