ഡോക്ടര്‍ക്കും കുടുംബത്തിനും കോവിഡ് ഡല്‍ഹിയില്‍ 800 പേര്‍ നിരീക്ഷണത്തില്‍

ഡല്‍ഹിയില്‍ അടച്ചു പൂട്ടലില്‍ റോഡരികില്‍ കഴിയുന്നവര്‍ക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ (മൊഹല്ല ക്ലിനിക്ക്) ഡോക്ടര്‍ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ രോഗികളെല്ലാം നിരീക്ഷണത്തിലായി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 10ന് സൗദി അറേബ്യയില്‍ നിന്നെത്തിയ ഒരു സ്ത്രീയില്‍ നിന്നാണ് വൈറസിന്റെ ചങ്ങലക്കണ്ണി തുടങ്ങിയത്. 38കാരിയായ സ്ത്രീ മാര്‍ച്ച് 12ന് കോവിഡ് ലക്ഷണങ്ങളുമായി ക്ലിനിക്ക് സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് 17ന് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേദിവസം തന്നെ ഡോക്ടറേയും അഡ്മിറ്റ് ചെയ്തു. സ്ത്രീയേയും ഡോക്ടറേയും കൂടാതെ 800 പേരെ 14 ദിവസത്തേക്ക് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍ അറിയിച്ചു. ഡല്‍ഹിയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 36 ആയതായും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡോക്ടറുടെ ഭാര്യക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സൗദിയില്‍ നിന്നെത്തിയ സ്ത്രീയുടെ അമ്മ, സഹോദരന്‍, രണ്ട് പെണ്‍കുട്ടികള്‍, ഇവരെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ബന്ധു എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ അയല്‍ക്കാരായ 74 പേരും നിരീക്ഷണത്തിലാണ്. അതേസമയം ആശങ്ക വേണ്ടെന്നും മൊഹല്ല ക്ലിനിക്കുകള്‍ ഒരു മാറ്റവുമില്ലാതെ തുറന്നുപ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സംബന്ധിച്ച് ദൂരെയുള്ളതും ചികിത്സാചിലവേറിയതുമായ ഹോസ്പിറ്റലുകളെ ആശ്രയിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗബാധിതരെ ചികിത്സിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ശേഖരിച്ചവരേയും പരിശോധനയ്ക്ക് വിധേയരാക്കും.
ഡല്‍ഹി കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായ മോജ്പൂര്‍ വലിയ ജനസാന്ദ്രതയുള്ള പ്രദേശമാണ്.ഇവിടെ രോഗം വ്യാപിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക. മാര്‍ച്ച് 12നും 18നുമിടയ്ക്ക് ഇവിടെയുള്ള മൊഹല്ല ക്ലിനിക്ക് സന്ദര്‍ശിച്ചവര്‍ വീടുകളില്‍ രണ്ടാഴ്ചത്തേയ്ക്ക് ക്വാറന്റൈന്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.