കൊറോണ: ദുബൈയില്‍ ഭയമില്ലാതെ ബസിലും വിമാനത്തിലും യാത്ര ചെയ്യാം

166
എമിറേറ്റ് വിമാനത്തിനകം വൃത്തിയാക്കുന്നു

എന്‍.എ.എം ജാഫര്‍
ദുബൈ: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ദുബൈയില്‍ പൊതുഗതാഗത സംവിധാനത്തില്‍ പ്രത്യേക യാത്രാസുരക്ഷയൊരുക്കുന്നു.
ദുബൈ ബസുകള്‍ ആര്‍ടിഎ കൃത്യമായി അണുവിമുക്തമാക്കുന്നുണ്ട്. എമിറേറ്റിലെ അഞ്ച് ബസ് സ്റ്റേഷനുകളില്‍ നിന്ന് സര്‍വീസ് നടത്തുന്ന 1500 ബസുകളാണ് ആര്‍ടിഎയുടെ പ്രത്യേക വിഭാഗം ദിനംപ്രതി ശുചീകരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷക്കായി ഇടക്കിടെ ബസുകള്‍ അണുവിമുക്തമാക്കുന്നുണ്ട്. ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ പ്രത്യേകമായി ശുചീകരിക്കുന്നുണ്ടെന്ന് ആര്‍ടിഎ പൊതുഗതാഗത വകുപ്പ് തലവന്‍ മുഹമ്മദ് ആലു അലി അറിയിച്ചു. രാജ്യാന്തര നിലവാരത്തില്‍ കൊറോണ പ്രതിരോധത്തിനായുള്ള ശുചീകരണം നിരന്തരമുണ്ടാകും.
അണുവിമുക്ത ശുചീകരണ ജോലികള്‍ക്കായി 210 തൊഴിലാളികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവിഭാഗം പുറം ഭാഗം വൃത്തിയാക്കുമ്പോള്‍ മറ്റു ചിലര്‍ വാഹനത്തിനകവും ചില്ലുകളും ഇതരഭാഗങ്ങളും ശുചീകരിക്കുന്നു. വാഹനത്തിന്റെ വലുപ്പമനുസരിച്ച് 5 മുതല്‍ 7 മിനിറ്റുവരെ നീളുന്നതാണ് അണുവിമുക്ത ജോലികള്‍. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ആര്‍ടിഎ പുറത്തുവിട്ടു. കൂടാതെ വിമാനത്താവളങ്ങളിലും വിമാനത്തിനകത്തും ശുചീകരണം നടത്തുന്നുണ്ട്. ലോകത്തെ ഏറ്റവും തിരക്കുള്ളതും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാര്‍ വന്നു പോകുന്നതുമായ ദുബൈ് വിമാനത്താവളം കൊറോണ രഹിതമാക്കാന്‍ തീവ്രനടപടികളാണു കൈക്കൊള്ളുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം വിമാനത്താവളത്തിലെ 51% യാത്രക്കാരെയും 42% സര്‍വീസുകളും കൈകാര്യം ചെയ്യുന്ന എമിറേറ്റ് വിമാനങ്ങളില്‍ ശക്തമായ ശുചീകരണ പ്രവൃത്തികളാണ് നടത്തുന്നത്. ഇതുസംബന്ധിച്ച വിഡിയോ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയാണു വിടുന്നത്. ഇത് യാത്രക്കാര്‍ അറിയണമെന്നു പോലുമില്ല. അത് കൂടാതെ കൊറോണ ബാധിത രാജ്യമായ ചൈന ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നു വരുന്നവരെ പരിശോധനക്കും വിധേയമാക്കുന്നു. 24മണിക്കൂറും വിമാനത്താവളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കര്‍മനിരതരാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു. മുപ്പതു മിനിറ്റോളം നീളുന്ന പരിശോധനകളാണിത്. എമിറേറ്റ് വിമാനങ്ങളിലാകട്ടെ രാജ്യാന്തര മാനദണ്ഡങ്ങളിലുള്ള വിവിധ തല ശുചീകരണമാണ് നടത്തുന്നത്. എച്ച്ഇപിഎ വായു ശുദ്ധീകരണ സംവിധാനമാണ് വിമാനത്തിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഭൂരിഭാഗം വൈറസുകളെയും നശിപ്പിക്കുന്നതാണ്. ഇതിനു പുറമേ വൈറസുകളെയും ബാക്ടീരിയകളെയും കൊല്ലാന്‍ ശേഷിയുള്ള ലായനികള്‍ വിമാനത്തില്‍ തളിക്കുകയും ചെയ്യും. വിമാനത്തിന് ഉള്‍വശം മുഴുവന്‍ ലായനിയില്‍ മുക്കി തുടച്ചു വൃത്തിയാക്കുകയും ചെയ്യും. അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിനിടെ ഒരു മണിക്കൂര്‍ കൊണ്ടാണു ശുചീകരണം പൂര്‍ത്തിയാക്കുന്നത്. ബോയിങ് 777 വിമാനത്തില്‍ 18 പേരും എ380 വിമാനത്തില്‍ 36 പേരും ശുചീകരണത്തില്‍ ഏര്‍പ്പെടുന്നു. ഒരു ദിവസം ശരാശരി 248 വിമാനങ്ങള്‍ ഇങ്ങനെ ശുചിയാക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.