പൂനെയില്‍ നിന്ന് ദുബൈയില്‍ വിനോദയാത്രക്ക് പോയ സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പുനെയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ദമ്പതികള്‍ക്ക് രോഗം പടര്‍ന്നത് യു.എ.ഇ സന്ദര്‍ശനത്തിനിടെയെന്ന് പ്രാഥമിക നിഗമനം. 40 അംഗ ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് ദമ്പതികള്‍ വിനോദ സഞ്ചാരത്തിനായി യു.എ. ഇയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയ സംഘം രോഗ ലക്ഷണങ്ങള്‍ പ്രകടമായതോടെ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് രക്ത സാമ്പിള്‍ പരിശോധിച്ചതോടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.  അതേസമയം തുടക്കത്തില്‍ രോഗബാധ സംശയിക്കാതിരുന്നതിനാല്‍ ദമ്പതികള്‍ ഒട്ടേറെ പേരുമായി ഇടപഴികയത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മാര്‍ച്ച് 1നാണ് ദമ്പതികള്‍ ഉള്‍പ്പെട്ട സംഘം ഇന്ത്യയില്‍ തിരിച്ചെത്തിയത്. രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാലും ദുബൈയില്‍ നിന്നെത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാത്തതിനാലും അന്ന് വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ പരിശോധനക്ക് വിധേയരായിരുന്നില്ല. പിന്നീടാണ് രോഗലക്ഷണങ്ങള്‍ കണ്ടതും ചികിത്സ തേടിയതും.  ഈ സാഹചര്യത്തില്‍ യാത്രാ സംഘത്തിലുണ്ടായിരുന്ന മറ്റു 38 പേരെയും നിരീക്ഷണത്തിലാക്കാനുള്ള നടപടി അധികൃതര്‍ തുടങ്ങി. രക്ത സാമ്പിളുകള്‍ പരിശോധിച്ചെങ്കില്‍ മാത്രമേ ഇവരില്‍ എത്രപേര്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്താനാകൂ. യാത്രാസംഘത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കേണ്ടി വരും. നാട്ടിലെത്തിയ ശേഷവും ദമ്പതികള്‍ നിരവധി സ്ഥലങ്ങളില്‍ പോകുകയും പലരുമായും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായാണ് വിവരം. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.
അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കളില്‍ മൂന്നുപേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പുനെ ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് മഹിശേഖര്‍ പറഞ്ഞു. മുംബൈ വിമാനത്താവളത്തില്‍നിന്ന് കാര്‍ മാര്‍ഗമാണ് ദമ്പതികള്‍ പുനെയിലേക്ക് യാത്ര ചെയ്തത്. ഈ കാറിന്റെ ഡ്രൈവറേയും ആസ്പത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.