ദുബൈ: നഗരത്തിലൂടെ ആകാശ സവാരി ഒരുക്കാന്‍ തയ്യാറെടുക്കുന്ന ആര്‍ടിഎ അതിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. ദുബൈ സ്‌കൈപോഡ് ബിസിനസ് ബേയില്‍ നിന്നും തുടങ്ങി ശൈഖ് സായിദ് റോഡ് മുറിച്ചു കടന്ന് അല്‍വാസലില്‍ എത്തുന്ന രീതിയിലാണ് പ്രാഥമിക റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ദുബൈയിലെ ഏറ്റവും തിരക്കേറിയ ശൈഖ് സായിദ് റോഡിന് ഇരുവശവും യാതൊരു ഗതാഗത തിരക്കുമില്ലാതെ അനായാസേന യാത്രചെയ്യാന്‍ കഴിയുന്നതാണ് പുതിയ സ്‌കൈപോഡ് സംവിധാനം. പുതുയുഗത്തിലെ യാത്രാവാഹനത്തില്‍ നഗരഭംഗിയും ആസ്വദിക്കാനാവും. ബിസിനസ് ബേയും അല്‍വാസലും ബന്ധിപ്പിക്കുന്ന റൂട്ടില്‍ ബുര്‍ജ് ഖലീഫ്, ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ബേ അവന്യു, മരാസി ഡ്രൈവ് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ശൈഖ് സായിദ് റോഡ് മുറിച്ചു കടന്ന് സിറ്റി വാകിലൂടെ കൊക്കോ കോള അറീനയിലൂടെ സര്‍വീസ് നടത്തും. യുകെയിലെ ബീംകാര്‍ ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാണ് ആര്‍ടിഎ സ്‌കൈപോഡ് സംവിധാനം ഒരുക്കുന്നത്. 2030 ഓടെ ദുബൈയിലെ 25 ശതമാനം വരുന്ന പൊതുഗതാഗത സംവിധാനം സ്‌കൈപോഡിലൂടെയായിരിക്കും. ഒരു പോഡില്‍ നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും യാത്ര. ഭൂമിയില്‍ നിന്നും 7.5 മീറ്റര്‍ ഉയരത്തിലായിരിക്കും പോഡുകള്‍ സഞ്ചരിക്കുക. മണിക്കൂറില്‍ 20,000 യാത്രക്കാരെ വഹിക്കാന്‍ കഴിയുമെന്ന് ബീംകാര്‍ കമ്പനി അറിയിച്ചു. ബസ് സ്റ്റോപ്പ് പോലുള്ള സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ കയറിയ ശേഷം പോഡുകള്‍ ഉയര്‍ന്നുമുകളിലേക്ക് പൊങ്ങും. ശേഷം മുകളിലൂടെ പോവുന്ന റെയിലിലൂടെ സഞ്ചാരിക്കും. സ്‌റ്റോപ്പുകളില്‍ എത്തുമ്പോള്‍ പോഡുകള്‍ താഴേക്ക് എത്തുകയും ഇറങ്ങാനായി ഡോറുകള്‍ തുറക്കുകയും ചെയ്യും. പോഡ് യാത്രക്കാരെ വെള്ളപൊക്കമോ പ്രതികൂല കാലാവസ്ഥയോ ബാധിക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത.