ദുബൈയില്‍ ശുചീകരണ ദൗത്യം 95 റോഡുകള്‍ വൃത്തിയാക്കി

ദുബൈ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നഗരശുചീകരണത്തിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി നഗരത്തിലെ 95 റോഡുകള്‍ സ്‌റ്റെറിലൈസേഷന്‍ ചെയ്തു. പ്രധാനപ്പെട്ട റോഡുകള്‍ മാത്രമല്ല ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന റോഡുകളും കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്ന ശുചീകരണ ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാരിന്റെ ദൗത്യം വിജയിക്കാന്‍ പൊതുജനങ്ങള്‍ പരമാവധി ആരോഗ്യശീലങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സ്‌റ്റെറിലൈസേഷന്‍ പദ്ധതി നടപ്പാക്കിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി. റോഡുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കാന്‍ താമസക്കാര്‍ ശ്രദ്ധിക്കണമെന്ന് മുനിസിപ്പാലിറ്റി ഉണര്‍ത്തി. നായിഫ് സ്ട്രീറ്റ്, ഇല്‍റിഗ്ഗ സ്ര്ട്രീറ്റ്, അല്‍മുറഖബാത്ത് സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ്, അല്‍ഖോര്‍ സ്ട്രീറ്റ്, അല്‍റാഷിദ് സ്ട്രീറ്റ്, അബുഹെയില്‍ സ്ട്രീറ്റ് തുടങ്ങി പത്ത് ദിവസങ്ങളിലായി നൂറോളം സ്ട്രീറ്റുകളാണ് ശുചീകരിച്ചത്.