ദുബൈ: ദുബൈ കെഎംസിസി ആഭിമുഖ്യത്തില്‍ കോവിഡ് 19 വളണ്ടിയര്‍, ഹെല്പ് ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപ്തിയില്‍ നടന്നു വരുന്നു. നാഷനല്‍ സെക്യൂരിറ്റി ആന്റ് ക്രൈസിസ് മാനേജ്മെന്റ് ആഭിമുഖ്യത്തില്‍ കോവിഡ് 19 ഐസൊലേഷന്‍ പ്രൊജക്ട് ഭാഗമായി ദുബൈ കെഎംസിസി വളണ്ടിയര്‍ വിഭാഗത്തില്‍ അഡ്വ. ഇബ്രാഹിം ഖലീല്‍, ഷബീര്‍ കീഴൂര്‍, അബ്ദുല്ല ആറങ്ങാടി, ഹനീഫ ടി.ആര്, സി.എ ബഷീര്‍ പള്ളിക്കര, അസീസ് കമാലിയ, ഹനീഫ് കട്ടക്കാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 അംഗങ്ങള്‍ ഐസൊലേഷന്‍ വേണ്ടി മാത്രം പ്രവര്‍ത്തിച്ചു വരികയാണ്.
കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ ദുബൈ ഗവണ്മെന്റ് ആഭിമുഖ്യത്തില്‍ കെഎംസിസി മുഖേന നായിഫ് ഏരിയയില്‍ വിതരണം ചെയ്യുന്നുണ്ട്.
അല്‍വര്‍സാനിലെ ഐസൊലേഷന്‍ സെന്റര്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10 മണിക്ക് നായിഫ് പൊലീസ് സ്റ്റേഷനില്‍ കെഎംസിസി വളണ്ടിയര്‍ വിംഗിന്റെയും മറ്റു സാമൂഹിക പ്രവര്‍ത്തകരുടെയും ഒരു യോഗം ചേര്‍ന്നിരുന്നു. പൊലീസ് ഓഫീസര്‍ ഡോ. ജലാലും മറ്റുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ദുബൈ കെഎംസിസി വളണ്ടിയര്‍ വിംഗിന്റെയും ഹെല്പ് ഡെസ്കിന്റെയും മറ്റും പ്രവര്‍ത്തനങ്ങളെ പൊലീസ് അധികൃതര്‍ പ്രശംസിച്ചു. 500 ഉച്ച ഭക്ഷണവും 500 അത്താഴ ഭക്ഷണവും പൊലീസ് അധികൃതര്‍ ഇന്നലെ നിരീക്ഷണത്തിലുള്ളവര്‍ക്ക് എത്തിച്ചു.
ദുബൈ ഹെല്‍ത്ത് അഥോറിറ്റി, ദുബൈ പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ കെഎംസിസി പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളിയുടെയും സഹായത്തോടെ 65 പോസിറ്റീവ് കേസുകളില്‍ പെട്ടവരെയാണ് ആദ്യം വര്‍സാനിലേക്ക് മാറ്റിയത്. പിന്നീട്, പ്രൈമറി കോണ്ടാക്റ്റുകളില് പെട്ട 27 പോസിറ്റീവ് കേസുകള്‍ കൂടി മാറ്റി.
ബാക്കിയുള്ളവരെ കൂടി ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഐസൊലേഷന്‍ സെന്ററില്‍ ആകെ 3,500 പേര്‍ക്കാണ് സൗകര്യമുള്ളത്. എട്ട് ബില്‍ഡിംഗുകളാണ് ഇതിന് സജ്ജമാക്കിയിട്ടുള്ളത്.