മുസ്‌ലിംകളെ രക്ഷിക്കുന്നതിനിടെ ആര്‍.എസ്.എസുകാര്‍ കൊല്ലാന്‍ ശ്രമിച്ച പ്രേംകാന്തിന് മുസ്്‌ലിം ലീഗിന്റെ ആദരം

29
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്്‌ലിം ലീഗ് പ്രതിനിധി സംഘം പ്രേം കാന്തിന്റെ ശിവ് വിഹാറിലെ വസതിയിലെത്തിയപ്പോള്‍

മാനവികതയുടെ മഹാസന്ദേശം: ഇ.ടി മുഹമ്മദ് ബഷീര്‍

ഡല്‍ഹി വംശഹത്യയുടെ നാളുകില്‍ മാനവികതയുടെ മഹാസന്ദേശം ലോകത്തിന് നല്‍കിയ പ്രേം കാന്ത് ഭഗേലിന് മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. അയല്‍വാസികളായ ആറ് മുസ്്‌ലിംകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രേം കാന്തിന്റെ ശരീരത്തില്‍ സംഘ് ഭീകരര്‍ തീ കൊളുത്തിയത്. എഴുപത് ശതമാനം പൊള്ളലേറ്റ് ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ ജി.ടി.ബി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലാണ് മുസ്്‌ലിം ലീഗ് പ്രതിനിധി സംഘം പ്രേം കാന്തിന്റെ ശിവ് വിഹാറിലെ വസതിയിലെത്തിയത്.
ഉത്തര്‍പ്രദേശിലെ ഇറ്റാവയയിലാണ് പ്രേം കാന്തിന്റെ ഗ്രാമം. പ്രതാപ് സിംഗിനെയും സതീദേവിയുടെയും മൂന്നാമത്തെ മകന്‍. ഡല്‍ഹിയില്‍ ജ്യേഷ്ഠസഹോദരന്മാരോടൊപ്പം താമസം. കലാപം പൊട്ടിപ്പുറപ്പെട്ടതറിഞ്ഞ് ഓട്ടം നിറുത്തി താന്‍ ഓടിക്കുന്ന ടാക്‌സിയുമായി  വീട്ടിലേക്കു മടങ്ങുകയായിരുന്നു ഞാന്‍, അദ്ദേഹം നേതാക്കള്‍ക്കു മുന്നില്‍ സംഭവം  വിവരിച്ചു.സ്ത്രീകളക്കം ഏഴുപേര്‍ കാണും, കത്തിക്കാള്ളുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ അവര്‍ ആര്‍ത്തു കരയുകയായിരുന്നു. ആയുധധാരികളായ ഒരു സംഘം ആക്രോശിച്ച് കൊണ്ട് അവിടെയുണ്ട്. ഞാനീ പ്രദേശത്ത് എത്രയോ വര്‍ഷമായി സാഹബ്, അവരെയൊക്കെ എനിക്കറിയാം . എന്റെ അയല്‍വാസികളല്ലേ, ഞാനവരെ രക്ഷിക്കാന്‍ ശ്രമിച്ചു. അക്രമികള്‍ ഓടിയടുക്കുമ്പോഴേക്കും ഞാനവരെ പുറത്തെത്തിച്ചു.
ഓടി വന്നവര്‍ എന്നെ തീയിലേക്കു തള്ളിയിട്ടതു മാത്രം ഓര്‍മ്മയുണ്ട്. പിന്നെ ഓര്‍മ്മ വരുമ്പോള്‍ ദേഹമാകെ പൊള്ളിയിരുന്നു. പക്ഷേ അവരൊക്കെ രക്ഷപ്പെട്ടതാണ് വലിയ സന്തോഷം. വലിയ എന്തോ കാര്യം ചെയ്ത ഭാവമൊന്നുമില്ലാതെ  നിഷ്‌കളങ്കമായി ആ ചെറുപ്പക്കാന്‍ പറഞ്ഞപ്പോള്‍ അത് വല്ലാത്ത വൈകാരിക നിമിഷമായി. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പ്രേം കാന്ത് ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ തുടര്‍ന്നു. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം സംഭവം വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഡല്‍ഹിയുടെ തെരുവുകളില്‍ കൊലവിളി നടത്തിയ നാളുകളില്‍ മാനവികതക്കു വേണ്ടി സ്വന്തം ജീവന്‍ പോലും പണയം വക്കാന്‍ തയാറായ യുവാവ് വലിയ സന്ദേശമാണ് ഇന്ത്യക്ക് നല്‍കിയ ചെറുപ്പക്കാരനു വേണ്ടി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിനയോടെ കാത്തിരുന്നു.
കഴിത്ത ദിവസം വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നന്നെ ചെറിയ പ്രായത്തില്‍ വലിയ സന്ദേശമാണ് ഈ ചെറുപ്പക്കാരന്‍ നല്‍കിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംഘ് പരിവാര്‍ എത്ര വെറുപ്പ് പടര്‍ത്താന്‍ ശ്രമിച്ചാലും മതേതര ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന പ്രതീക്ഷയുടെ പ്രതീകമാണി സംഭവം. ഇങ്ങനെയുള്ള മനുഷ്യരുടെ മനസിന്റെ നന്‍മയിലാണ് ഇന്ത്യ ജീവിക്കുന്നതെന്നും ഇ.ടി പറഞ്ഞു. തുടര്‍ന്നുള്ള ചികിത്സക്കാവശ്യമായ എല്ലാ പിന്തുണയും മുസ്്‌ലിം ലീഗ് നല്‍കുമെന്നറിയിച്ചാണ് നേതാക്കള്‍ മടങ്ങിയത്.
മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം ഇ.ടി പ്രേം കാന്തിന് കൈമാറി. ദേശീയ മുസ്്‌ലിം ലീഗ് സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡണ്ട് അഡ്വ.വി.കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എന്‍.എ കരീം, പി.പി ജിഹാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രേം കാന്തിന്റെ വീട്ടിലെത്തിയത്.