ഇന്ത്യ കാത്തസൂക്ഷിച്ച സുപ്രധാന ഘടകങ്ങള്‍ ഈ നാടിന്റെ സാംസ്കാരിക പൈതൃകവും കലയും സംസ്കാരവും നാനാത്വത്തില്‍ ഏകത്വവും മനുഷ്യ സൗഹാര്‍ദ്ദവും എല്ലാം ആയിരുന്നുവെന്നും ഇവ മങ്ങിയാല്‍ ലോകത്തെ കാണിക്കാന്‍ നമുക്ക് ഒന്നും ബാക്കിയുണ്ടാവില്ലെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി.
പാര്‍ലമെന്റില്‍ ടൂറിസം വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മൊത്തത്തിലും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്ന കേരളം പ്രത്യേകിച്ചും പ്രകൃതി കനിഞ്ഞു നല്കിയ സ്ഥലങ്ങളാണ്. മനോഹരമായ നദികളും കടല്‍ തീരങ്ങളും കുന്നുകളും മലകളും കായലുകളും ആരാധനാലയങ്ങളും ആരോഗ്യ സുഖ ചികിത്സ കേന്ദ്രങ്ങളും ഈ നാടിനെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കി. മലിനീകരണം മൂലം ഇവയെല്ലാം മങ്ങിവരുകയും ഇല്ലാതാവുകയും ചെയ്യുന്നു. അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണുള്ളത്.
ഭൗതിക സാഹചര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തിയില്ലെങ്കിലും ടൂറിസ്റ്റുകള്‍ വരാന്‍ മടിക്കും. സുരക്ഷിതത്വവും പ്രധാനമാണ്. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഒട്ടേറെ ചെയ്യാനും സാമ്പത്തിക വളര്‍ച്ചയി ല്‍ നിര്‍ണായക സംഭാവന നല്‍കാനും ടൂറിസം മേഖലക്ക് കഴിയുമെന്നും എം.പി ചൂണ്ടിക്കാട്ടി.