ദുബൈ: പ്രതിസന്ധി ഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ദുബൈ എക്കോണമിയിലെ കമേഴ്‌സ്യല്‍ കംപ്ലിയന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്്ഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സ് മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വിലയില്‍ മാറ്റം വരുത്തിയതിന് ജുമൈറ, അല്‍ ഖവാനീജ്, മിര്‍ദിഫ് എന്നിവിടങ്ങളിലെ മൂന്ന് ഫാര്‍മസികള്‍ക്ക് പിഴ ചുമത്തി. രണ്ട് ഫാര്‍മസികള്‍ ഫെയ്‌സ് മാസ്‌കുകളുടെ വില വര്‍ധിപ്പിച്ചതായി കണ്ടെത്തിയതായും മൂന്നാമത്തേത് സാനിറ്റൈസര്‍ ഉയര്‍ന്ന വിലയ്ക്കും ശരിയായ ഇന്‍വോയ്‌സ് ഇല്ലാതെ വിറ്റതായും സിസിസിപി അറിയിച്ചു. ഉപഭോക്തൃ പരാതികള്‍ക്കും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കും ശേഷം മൂന്ന് ഫാര്‍മസികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് ഇരട്ടി പിഴ ഈടാക്കുകയും കട് അടയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. ഫെയ്സ് മാസ്‌കുകള്‍, സാനിറ്റൈസര്‍, അണുനാശിനി എന്നിവയുടെ വില വര്‍ധിപ്പിക്കുന്നതിന് നിലവിലെ സാഹചര്യം മുതലെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ദുബൈ എക്കണോമി എമിറേറ്റിലെ ബിസിനസുകളോട് അഭ്യര്‍ത്ഥിക്കുകയും അത്തരം അവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ട് അവരുടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കാന്‍ ഫാര്‍മസികളോടും മെഡിക്കല്‍ ഉപകരണ വിതരണക്കാരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരാതികള്‍ക്കുള്ള കോള്‍ സെന്റര്‍ നമ്പര്‍ 600 54 5555. കൂടാതെ ദുബൈ ഉപഭോക്തൃ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഉപഭോക്തൃ അവകാശ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഏതെങ്കിലും വില കൃത്രിമത്വം അല്ലെങ്കില്‍ നെഗറ്റീവ് പ്രാക്ടീസ് ദുബൈ എക്കണോമിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.