ഏഴു മാസത്തെ വീട്ടുതടങ്കലിനൊടുവില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ലോക്‌സഭാംഗവുമായ ഫാറൂഖ് അബ്ദുല്ലക്ക് മോചനം. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുല്ലയെ തടവിലാക്കിയത്. സബ്ജയിലായി പ്രഖ്യാപിച്ച ശ്രീനഗറിലെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. മൂന്നു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ ഒരു കാരണവും കൂടാതെ തടങ്കലിലാക്കിയത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും നീളും. ഇവരുടെ മോചനത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. പൊതു സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ വിചാരണകൂടാതെ രണ്ട് വര്‍ഷം വരെ തടവിലിടാം. തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും എതിരെയാണ് ഈ നിയമം പ്രയോഗിക്കാറ്. എന്നാല്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവും എം.പിയും മൂന്ന് തവണ മുഖ്യമന്ത്രിയുമായ വ്യക്തിക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്. വീട്ടുതടങ്കലില്‍ കഴിയവെ തന്നെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തുവന്നിരുന്നു.