കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയില്‍ച; ആറുപേര്‍ക്ക് കൂടി രോഗം

18
രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ തെരുവില്‍ കാവലായി നില്‍ക്കുന്ന പൊലീസുദ്യോഗസ്ഥരാണിവര്‍. സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ ഒരു പൊതി ചോറ് രണ്ടുപേരുംകൂടി പകുത്തു കഴിക്കുകയാണ്. മലപ്പുറം നഗരത്തില്‍ നിന്നുള്ള കാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം കൊച്ചിയില്‍ സ്ഥിരീകരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69കാരനാണ് ഇന്നലെ രാവിലെ മരിച്ചത്. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന്‍ സേട്ട്  (69) ആണ് മരിച്ചത്.  ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയവെ ഇന്നലെ രാവിലെ എട്ടിനായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചു.  സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് 19 മരണം. മൃതദേഹം വൈകിട്ട് നാലു മണിയോടെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) മാര്‍ഗ രേഖ പാലിച്ച് മട്ടാഞ്ചേരി കച്ചി മേമന്‍ ഹനഫി പള്ളിയില്‍  സംസ്‌ക്കരിച്ചു.  ഇദ്ദേഹത്തെ ചികിത്സക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുണ്ടായിരുന്നതായി നോഡല്‍ ഓഫീസര്‍ ഡോ.ഫത്താഹുദ്ദീന്‍ അറിയിച്ചു. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്ന യാക്കൂബ് ഹുസൈന്‍ മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഇദ്ദേഹത്തിന്റെ  ഭാര്യയും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചുള്ളിക്കലെ #ാറ്റിലേക്ക് ഇദ്ദേഹം സഞ്ചരിച്ച ഓണ്‍ലൈന്‍ ടാക്‌സിയുടെ ഡ്രൈവറും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. #ൈറ്റില്‍ കൂടെ സഞ്ചരിച്ചവരും ഇദ്ദേഹം താമസിച്ചിരുന്ന #ാറ്റിലെ പത്ത് കുടുംബങ്ങളും നിരീക്ഷണത്തില്‍ കഴിയുകയാണ്.
മട്ടാഞ്ചേരി ചുള്ളിക്കല്‍ പി.സി അഗസ്റ്റിന്‍ റോഡില്‍ സൂം റസിഡന്‍സിയില്‍ പരേതനായ ആദം ഹുസൈന്‍ സേട്ടിന്റെ മകനാണ് യാക്കൂബ് ഹുസൈന്‍ സേട്ട്.  ഇബ്തിഷാം, ഇസ്മാഈല്‍, സഫിയ, ഇരട്ടകളായ ഹസന്‍, ഹുസൈന്‍ എന്നിവരാണ് മക്കള്‍. അസ്ഹര്‍ റഫീഖ്, സന എന്നിവര്‍ മരുമക്കള്‍.  ദുബൈയില്‍ സുരക്ഷ ഉപകരണങ്ങളുടെ ബിസിനസ് ചെയ്യുന്ന യാക്കൂബ് ഹുസൈന്‍ സേട്ട്  കഴിഞ്ഞ 16നാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് ബാധയുള്ളതായി കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സ്രവ പരിശോധനയില്‍ 22നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.  തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെയോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.
മട്ടാഞ്ചേരി ലോബോ ജങ്ഷന് സമീപമുള്ള കച്ചി മേമന്‍ ഹനഫി മസ്ജിദില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ഖബറടക്കം. ഭാര്യയെയും മക്കളെയും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ വഴിയാണ് മൃതദേഹം കാണിച്ചത്. സംസ്‌ക്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ നാലു പേര്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. സുരക്ഷിതമായി  പൊതിഞ്ഞ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാതെ നേരെ പള്ളിയിലേക്ക് എത്തിച്ചു.  മൃതദേഹം കൊണ്ട് വരുന്ന സമയത്ത് പള്ളിയുടെ ഒന്നര കിലോമീറ്റര്‍ ദൂരത്തോളം ഓരോ പതിനഞ്ച് അടി ദൂരത്തിലും പൊലീസിനെ വിന്യസിച്ചു. ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ച ശേഷമാണ്  ഖബറടക്കം നടത്തിയത്. കൊച്ചി തഹസില്‍ദാര്‍ എ.ജെ തോമസ്, മട്ടാഞ്ചേരി അസി.കമ്മീണര്‍ പി.കെ സുരേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി.കെ അഷറഫ് എന്നിവര്‍ നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പള്ളി അങ്കണത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നാലു കുടുംബാംഗങ്ങള്‍  മാത്രമാണ് പങ്കെടുത്തത്.
ഇന്നലെ സംസ്ഥാനത്ത് ആറ് പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. കോട്ടയത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി. നിലവില്‍ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 165 ആണ്. ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്. സാമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി നിരീക്ഷണം ശക്തമാക്കും. പെട്ടെന്നു ഫലം അറിയാന്‍ കഴിയുന്ന റാപ്പിഡ് ടെസ്റ്റുകള്‍ നടത്തും. വെന്റിലേറ്റര്‍, എന്‍ 95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, കയ്യുറകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചു.  കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട, ചെറുകിട സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെയെല്ലാം കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ സ്ഥാപിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വിഎസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചില റസിഡന്റ്‌സ് അസോസിയേഷനുകള്‍ പത്രങ്ങള്‍ വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് ഒഴിവാക്കണമെന്നും പത്രമാധ്യമങ്ങള്‍ അവശ്യ സര്‍വീസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 1059 കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇതുവരെ ആരംഭിച്ചു. 52,480 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നല്‍കി. 41,826 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. 31,263 പേര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കി. ചില പരാതികള്‍ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉയര്‍ന്നിട്ടുണ്ട്. അത് പരിഹരിക്കും. നാളെയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും.