ആശങ്ക സൃഷ്ടിച്ച് രാജ്യത്ത് ആദ്യ കോവിഡ് 19 മരണം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന് സിദ്ദീഖി(76)യാണ് മരിച്ചത്. ഫെബ്രുവരി അവസാനം ഉംറ കഴിഞ്ഞ് നാട്ടിലെത്തിയ സിദ്ദീഖി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരിച്ചത്. ഇന്നലെ രക്തസാമ്പിള്‍ ഫലം പുറത്തുവന്നതോടെയാണ് മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 75 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 16 വിദേശികളും ഇതില്‍ ഉള്‍പ്പെടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. 19 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി യു.പി ആരോഗ്യ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ ലക്നോവിനു സമീപം ഗൗതമി നഗറിലാണ് ഏറ്റവും ഒടുവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മഹാരാഷ്ട്രയിലും ഇതുവരെ 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ മൂന്നുപേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 വ്യാപകമായ ഇറാനില്‍ 6000ത്തിലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് അറിയിച്ചു. 1100 തീര്‍ത്ഥാടകരും ഇതില്‍ ഉള്‍പ്പെടും. ഏറെയും ജമ്മുകശ്മീര്‍, ലഡാക്ക്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. ജമ്മുകശ്മീരില്‍നിന്നുള്ള 300ലധികം വിദ്യാര്‍ത്ഥികളും കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളും കുടങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടും. ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രി വ്യക്തമാക്കി. കോവിഡ് ഭീഷണി സജീവമായ ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ ശ്രമം തുടങ്ങി.