പഴങ്ങളും പച്ചക്കറികളുമായി ലുലുവിന്റെ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് കുവൈത്തില്‍

27

കുവൈത്ത് സിറ്റി: വിപണിയുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാനായി ടണ്‍ കണക്കിന് ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികളും കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രമുഖ റീടെയിലറായ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു. 16.5 ടണ്‍ പഴങ്ങളും പച്ചക്കറികളും വഹിച്ചുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച 2.15ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ‘സ്‌പൈസ് എക്‌സ്പ്രസ്സ്’ ജെറ്റ് കാര്‍ഗോയില്‍ ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികളുമാണുണ്ടായിരുന്നത്. പ്രാദേശിക വിപണികളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനുദ്ദേശിച്ചാണിതെന്ന് ലുലു അധികൃതര്‍ അറിയിച്ചു. പ്രത്യേകമായി ഇങ്ങനെ എത്തിച്ച ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കില്ലെന്ന് ലുലു ഉപഭോക്താക്കള്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. രാജ്യത്ത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. ”കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 16.5 ടണ്‍ വാഴപ്പഴം, മാമ്പഴം, പുതിയ പച്ചക്കറികള്‍, ഇഞ്ചി, മഞ്ഞള്‍, നെല്ലിക്ക, മുരിങ്ങ, മത്തങ്ങ എന്നിവയടങ്ങിയ ഞങ്ങളുടെ ആദ്യ ചാര്‍ട്ടേര്‍ഡ് കാര്‍ഗോ ഫ്‌ളൈറ്റാണിത്. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ കുറവില്ലെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തും. വരുംദിവസങ്ങളില്‍ ആവശ്യം വന്നാല്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ തയ്യാറാണ്” -കുവൈത്തിലെ ലുലു മാനേജ്‌മെന്റ് വക്താവ് പറഞ്ഞു. രാജ്യത്തെ ഭക്ഷ്യ സംഭരണത്തെ സംബന്ധിച്ച് പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ട ലുലു മാനേജ്‌മെന്റ്, നിലവിലെ ഭക്ഷ്യ സ്‌റ്റോക്കുകള്‍ ആറു മാസത്തിലധികം നീണ്ടുനില്‍ക്കാന്‍ പര്യാപ്തമാണെന്ന് ഉറപ്പും നല്‍കി. നിലവിലെ സാഹചര്യത്തില്‍, വിപണിയില്‍ ഏറ്റവും താങ്ങാവുന്ന വിലക്ക് മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നല്‍കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്ന പരമമായ ലക്ഷ്യം കൈവരിക്കാനായി ലുലു ഹൈപര്‍ മാര്‍ക്കറ്റ് പരമാവധി ശ്രമിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.