
കാബൂള്‍: സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കുന്ന അധികാര വടംവലിയെത്തുടര്‍ന്ന് അഫ്ഗാനിസ്താനുള്ള സാമ്പത്തിക സഹായത്തില്‍ 100 കോടി ഡോളര്‍ വെട്ടിക്കുറക്കുമെന്ന് അമേരിക്ക. അടുത്ത വര്‍ഷം സഹായ വിഹിതം കൂടുതല്‍ വെട്ടിക്കുറക്കുമെന്നും യു.എസ് സ്റ്റേറ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയും എതിരാളി അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള അധികാരത്തര്‍ക്കം അമേരിക്കക്ക് തലവേദനയായിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് യു.എസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് സാമ്പത്തിക സഹായം തടഞ്ഞുവെക്കാന്‍ യു.എസ് തീരുമാനിച്ചത്. രാഷ്ട്രീയ അരക്ഷിതാവസ്ഥ ഇപ്പോഴത്തെ നിലയില്‍ പോവുകയാണെങ്കില്‍ അഫ്ഗാനിസ്താനുള്ള സഹായദ ാതാക്കളുടെ സമ്മേളനത്തില്‍ അമേരിക്കക്ക് പുനരാലോചന വേണ്ടിവരുമെന്ന് പോംപിയോ മുന്നറിയിപ്പ് നല്കി. രണ്ട് നേതാക്കളെയും അദ്ദേഹം വെവ്വേറെ കണ്ട് ചര്‍ച്ച നടത്തി. ഇരുപക്ഷത്തെയും ഉള്‍പ്പെടുത്തിയുള്ള ഭരണസംവിധാനമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്. അഫ്ഗാന് സന്ദര്‍ശനം കഴിഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷമാണ് സാമ്പത്തിക സഹായം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചത്. അഫ്ഗാനിസ്താനുവേണ്ടി ജീവനും സ്വത്തും ബലികഴിച്ച അമേരിക്കക്കാരെയും സഖ്യകക്ഷികളെയും അവിശ്വസിക്കുന്ന നിലപാടാണ് ഗനിയും അബ്ദുല്ലയും സ്വീകരിച്ചിരിക്കുന്നതെന്നും യു.എസ്-അഫ്ഗാന് ബന്ധത്തെ അത് ദോഷകരമായി ബാധിക്കുമെന്നും പോംപിയോ പറഞ്ഞു. അഫ്ഗാന് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കയുടെ പ്രത്യേക ദൂതന് സല്‍മായ് ഖാലിസാദയെ പങ്കെടുപ്പിച്ചിരുന്നില്ല. താലിബാനുമായുള്ള ചര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹത്തെ എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തിയതെന്ന് വ്യക്തമാക്കാന്‍ യു.എസ് വൃത്തങ്ങള്‍ വിസമ്മതിച്ചു. ഓരോ വര്‍ഷവും അമേരിക്ക കോടിക്കണക്കിന് ഡോളറാണ് അഫ്ഗാന്റെ ബജറ്റ് വഹിതത്തിലേക്ക് നല്‍കുന്നത്. അഫ്ഗാന് സേനയെപ്പോലും തീറ്റിപ്പോറ്റുന്നത് അമേരിക്കയാണ്. ഭരണനടത്തിപ്പിന് ആവശ്യമായ വരുമാനത്തില്‍ കാല്‍ഭാഗം മാത്രമാണ് അഫ്ഗാനിസ്താന്റെ വിഹിതം. 18 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക താലിബാനുമായി സമാധാന കരാറില്‍ ഒപ്പുവെച്ചെങ്കിലും അഫ്ഗാന് നേതാക്കളുടെ അധികാരത്തര്‍ക്കം കാരണം കാര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. കാബൂളില്‍നിന്ന് അമേരിക്കയിലേക്ക് മടങ്ങുമ്പോള്‍ ഖത്തറിലെ യു.എസ് സൈനിക താവളത്തില്‍ ഇറങ്ങി മുല്ല ബരാദര്‍ ഉള്‍പ്പെടെയുള്ള താലിബാന് നേതാക്കളുമായി പോംപിയോ 75 മിനുട്ട് ചര്‍ച്ച നടത്തി. താലിബാനുമായി ഏതു വിധേനയും രമ്യതയിലെത്തി അഫ്ഗാനില്‍നിന്ന് തടിയെടുക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. ഒത്തുതീര്‍പ്പിന് തയാറായി അഫ്ഗാന് നേതാക്കള്‍ മുന്നോട്ടുവരുകയാണെങ്കില്‍ വെട്ടിക്കുറച്ച സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുമെന്ന് പോംപിയോ പറഞ്ഞു. ഗനി-അബ്ദുല്ല തകര്‍ക്കവും ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം 5000 താലിബാന് തടവുകാരെ അഫ്ഗാന് വിട്ടയക്കാന്‍ വിസമ്മതിച്ചതും സമാധാന നീക്കങ്ങളെ സ്തംഭിപ്പിച്ചിട്ടുണ്ട്.