ദുബൈ: കോവിഡ്-19 ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗ്ലോബല്‍ വില്ലേജ് നേരത്തെ അടച്ചിടാന്‍ തീരുമാനിച്ചു. സാധാരണഗതിയില്‍ ഏപ്രില്‍ മാസത്തിലാണ് സീസണ്‍ തീരുന്നത്. പൊതുജനാരോഗ്യവും മുന്‍കരുതലും മുന്‍നിര്‍ത്തി ഞായറാഴ്ച മുതല്‍ ഗ്ലോബല്‍ വില്ലേജ് അടച്ചിടുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഈ സീസണ്‍ ഇതോടെ അടച്ചിടുകയാണെന്നും അടുത്ത സീസണിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ദുബൈ മീഡിയ ഓഫീസ് ട്വീറ്റില്‍ വ്യക്തമാക്കി. ഈ സീണണ്‍ മികച്ചതാക്കാന്‍ പ്രയത്‌നിച്ച അതിഥികള്‍ക്കും എക്‌സിബിറ്റേഴ്‌സിനും പാര്‍ട്ണര്‍മാര്‍ക്കും അധികൃതര്‍ നന്ദി രേഖപ്പെടുത്തി. കൊറോണ വ്യാപനം തടയാനായി രാജ്യം വിപുലമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വിമാനയാത്രകളും വിമാനത്താവളങ്ങളിലെ പരിശോധനകളും സൂക്ഷ്മനിരീക്ഷണത്തിലാണ്. ലബനോന്‍, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ മാര്‍ച്ച് 17 മുതല്‍ റദ്ദാക്കും. കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിയന്ത്രിക്കാനാണ് സാധ്യത. യുഎഇയിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍കാലികമായി റദ്ദാക്കിയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂള്‍ വേനലവധിയാണ്. ഈ സീസണില്‍ യുഎഇയിലേക്ക് ടിക്കറ്റും വിസയും എടുത്ത് കാത്തിരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങളും വിനോദസഞ്ചാരികളും കടുത്ത ആശങ്കയിലാണ്. പലരും ടിക്കറ്റും വിസയും റദ്ദാക്കി യാത്രയും മാറ്റിവെച്ചിരിക്കുകയാണ്. വിമാനയാത്ര ചെയ്ത് ഇവിടെ എത്തിയാലും നാട്ടിലെത്തിയാലും വലിയ പ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് പരമാവധി കുടുംബങ്ങള്‍ യാത്രകളില്‍ നിന്നും മാറിനില്‍ക്കുകയാണ്. എയര്‍ ഇന്ത്യ ചില വിമാനങ്ങള്‍ ഈ മാസം ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. യുഎഇയിലെ മിക്കവാറും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ദുബൈയിലെ പാര്‍ക്കുകള്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, മ്യൂസിയം, ചരിത്രസ്മാരകങ്ങള്‍, പബ്ലിക് ലൈബ്രറികള്‍ തുടങ്ങിയവ താല്‍കാലികമായി അടച്ചിടുന്നതായി ദുബൈ കള്‍ചര്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റിയും ദുബൈ മുനിസിപ്പാലിറ്റിയും അറിയിച്ചു. ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍കറ്റിംഗ് ഡിപ്പാര്‍ട്ട്മന്റിന് കീഴിലുള്ള എല്ലാ പരിപാടികളും ഈ മാസം അവസാനം വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.