ഡല്‍ഹി കലാപത്തിനിടെ രക്ഷിച്ചത് 60 ഓളം മുസ്‌ലിംകളെ
ന്യൂഡല്‍ഹി: ഹിന്ദുത്വ തീവ്രവാദികള്‍ അഴിഞ്ഞാടിയ ഡല്‍ഹി കലാപത്തിനിടെ 60 ഓളം മുസ്് ലിംകള്‍ക്ക് കാവലായത് ഒരു സിഖ് കുടുംബത്തിന്റെ ധീരത. ഗോകുല്‍പുരിയിലെ 53 വയസുകാരന്‍ മെഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജീതുമാണ് കലാപകാരികളില്‍ നിന്ന് നിരവധി മുസ്‌ലിം കുടുംബങ്ങളെ രക്ഷിച്ചത്.
ആക്രമിക്കാനെത്തിയവരെ സുരക്ഷിതമായ ഇടങ്ങളിലെത്തിച്ചത് ഇരുവരുമായിരുന്നു. ഫെബ്രുവരി 24ന് കലാപം മൂര്‍ച്ഛിച്ച ആ ദിവസം മൊഹീന്ദര്‍ സിങിന്റെ കടയുടെ സമീപത്തേക്ക് അക്രമകാരികള്‍ ഇരച്ചെത്തിയിരുന്നു. എന്നാല്‍ ധൈര്യം കൈവിടാതെ മൊഹീന്ദറും മകനും ചേര്‍ന്ന് ബൈക്കുകളില്‍ അവിടെയുണ്ടായിരുന്ന 60 ഓളം ആളുകളെ ഒന്നര കിലോമീറ്ററുകള്‍ക്കപ്പുറം കര്‍ദാംപുരിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇവരുടെ അയല്‍വാസി മുഹമ്മദ് നയീമിന്റെ വീടും കലാപകാരികള്‍ കത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ കട കൊള്ളയടിച്ച് നശിപ്പിക്കുകയും ചെയ്തു. വീട് കത്തിക്കാന്‍ ചിലരെത്തിയ സമയത്ത് പത്തോളം ഗ്യാസ് സിലിണ്ടറുകള്‍ നയീമിന്റൈ വീട്ടിലുണ്ടായിരുന്നു.
വലിയ സ്‌ഫോടനത്തിന് ഇത് കാരണമായേക്കുമെന്ന ഭയത്താല്‍ മൊഹീന്ദര്‍ അത് വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു. കത്തിനശിച്ചുകൊണ്ടിരുന്ന വീടിന് വെള്ളമൊഴിക്കാന്‍ സഹായിച്ചതും മൊഹീന്ദറും മകനുമായിരുന്നു. അവര്‍ ആയിരത്തോളം പേരുണ്ടായിരുന്നു. എന്റെ വീടും കടയും നശിപ്പിച്ച് എല്ലാം കൊള്ളയടിച്ച് കൊണ്ടുപോയി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും അവര്‍ അപഹരിച്ചു. സ്ത്രീകള്‍ ജീവനുംകൊണ്ടോടുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഭയന്നിരുന്ന എന്നെയും കുടുംബത്തെയും മൊഹീന്ദറും മകനും ചേര്‍ന്നാണ് രക്ഷിച്ചത്- നയീം അനുഭവം പങ്കുവെച്ചു.
വീട്ടിലുണ്ടായിരുന്ന സിലിണ്ടറുകള്‍ അദ്ദേഹം മാറ്റിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായതെന്നും നയീം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തുണ്ടായിരുന്ന മുസ്‌ലിം മതവിഭാഗക്കാര്‍ ഒരുമിച്ചുകൂടി ഉടന്‍തന്നെ ദൂരേക്ക് എവിടെയെങ്കിലും രക്ഷപ്പെട്ട് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴേക്കും ആക്രമികള്‍ അവരെ വളഞ്ഞിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന പിഞ്ചുകുട്ടികളുടെ മുഖത്ത് കണ്ട ഭയം എന്നെ ഉലച്ചുകളഞ്ഞു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ എന്റെയും മകന്റെയും കയ്യില്‍ വലിയ വാഹനങ്ങളൊന്നമുണ്ടായിരുന്നില്ല. ഒടുവില്‍ ലഭ്യമായ സൗകര്യമുപയോഗിച്ച് ഓരോരുത്തരെയായി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി- മൊഹീന്ദര്‍ പറഞ്ഞു.
1984ല്‍ സിഖ് വിരുദ്ധ കലാപം നടക്കുമ്പോള്‍ എനിക്ക് 16 വയസുകാരനായിരുന്നു. അന്ന് അങ്ങേയറ്റം ഭീതിതമായ അനുഭവങ്ങളിലൂടെയായിരുന്നു കടന്നുപോയത്. ആ ഓര്‍മകള്‍ ഇപ്പോഴും മാഞ്ഞുപോകാതെ മനസിലുണ്ട്. ഡല്‍ഹിയില്‍ കലാപം ആരംഭിച്ചപ്പോള്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളാണ് എന്റെ മനസില്‍ തികട്ടിവന്നത്. ആ ദുരന്തത്തിന് സാക്ഷിയായതിന്റൈ ഞെട്ടലില്‍ മനുഷ്യ ജീവന്റൈ പ്രധാന്യത്തെ കുറിച്ച് മാത്രമാണ് ഞാന്‍ ഓര്‍ത്തത്- മൊഹീന്ദര്‍ സിങ് എന്‍.ഡി. ടി.വിയോട് പറഞ്ഞു.
ഒരിക്കലും ഭയമുണ്ടായിരുന്നില്ല. ആക്രമം നേരിടുന്ന എല്ലാ മനുഷ്യരെയും രക്ഷിക്കണം എന്ന് മാത്രമാണ് ചിന്തിച്ചതെന്ന് മകന്‍ ഇന്ദര്‍ജീത് പ്രതികരിച്ചു. രാജ്യത്തെ ഞെട്ടിച്ച കലാപത്തില്‍ 50ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വീടും സമ്പാദ്യവും ഇല്ലാതായ മനുഷ്യ ജന്‍മങ്ങളും നിരവധിയാണ്. പൊലീസിന്റെ ഒത്താ ശയോടെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്.