ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍

മനാമ: കൊറോണ വൈറസിന്റെ (കോവിഡ്-19) പശ്ചാത്താലത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി. മാര്‍ച്ച് 10 മുതല്‍ 31 വരെ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളില്‍ തിയതി മാറ്റാന്‍ ചാര്‍ജുകള്‍ ഈടാക്കില്ല. ഉപഭോക്താവിന് എത്ര തവണ വേണമെങ്കിലും തങ്ങളുടെ യാത്ര തിയതി മാറ്റിവെക്കാന്‍ സാധിക്കുന്നതാണ്. ബഹ്‌റൈനിലെയും ഇതര രാജ്യങ്ങളിലെയും ആരോഗ്യസുരക്ഷാ സാഹചര്യം പരിഗണിച്ചാണ് പുതിയ ആനുകൂല്യം.

കമ്പനിയുടെ ഫാല്‍കണ്‍ ഫ്‌ളെയര്‍ അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് മൂന്ന് മാസത്തേക്ക് കൂടി കൂട്ടി നല്‍കാനും തീരുമാനമായിട്ടുണ്ട്. നിശ്ചിത യാത്രകളോ മൈലുകളോ പൂര്‍ത്തിയാക്കാത്തവര്‍ക്കും മെമ്പര്‍ഷിപ്പ് കാലാവധി നീട്ടിനല്‍കാനാണ് പദ്ധതി. തങ്ങളുടെ യാത്രക്കാരുടെ സൗകര്യം മാനിച്ചാണ് പുതിയ നടപടിയെന്ന് കമ്പനി അറിയിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ യാത്രകള്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു.