ഹാജി സുലൈമാന്‍ നാടണയുന്നു

ദുബൈ: മുപ്പത്തിയേഴ് വര്‍ഷത്തെ പ്രവാസം മതിയാക്കി ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഹാജി സുലൈമാന്‍ നാടണയുന്നു. തളിപ്പറമ്പ സര്‍സയ്യിദ് കോളേജില്‍ നിന്നും പ്രീഡിഗ്രി പൂര്‍ത്തിയാക്കി പ്രവാസ മണ്ണിലേക്ക് യാത്ര തിരിച്ച ഹാജി സുലൈമാന്‍ നാട്ടിലെന്ന പോലെ ഗള്‍ഫിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജനസേവനത്തിലും സജീവമായി നിന്നു.
അബുദാബിയിലെ ഒരു ഗ്രോസറിയിലായിരുന്നു തുടക്കം. ഒടുവിലത്തെ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ ദുബായിലെ അല്‍ മസൂദ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്താണ് പ്രവാസത്തിനു വിരാമമിടുന്നത്. പയ്യന്നൂര്‍ മണ്ഡലം എംഎസ്എഫ് പ്രസിഡന്റ്, രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച് ഗള്‍ഫിലെത്തിയ ഹാജി സുലൈമാന്‍ അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍, അബുദാബി കെഎംസിസി തുടങ്ങിയ രംഗങ്ങളില്‍ പൊതുപ്രവര്‍ത്തനം തുടര്‍ന്നു.
രാമന്തളി മഹല്ല് കമ്മിറ്റി, റിലീഫ് കമ്മിറ്റി തുടങ്ങിയ പ്രാദേശിക കൂട്ടായ്മകളിലും സജീവമായി പ്രവര്‍ത്തിച്ചു. രാമന്തളി ഫാമിസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായി നാട്ടില്‍ പുതിയ ചുമതല കൂടി ഹാജി സുലൈമാനെ കാത്തിരിക്കുന്നു. തൊഴിലിനോടൊപ്പം പൊതുപ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞതാണ് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന്റെ ധന്യതയെന്ന് ഹാജി സുലൈമാന്‍ പറയുന്നു.
നാട്ടില്‍ നിന്നും പറിച്ചു നട്ടതിന്റെ വേദനയോ സങ്കടമോ ഇല്ലാതെ, നാട്ടുകൂട്ടായ്മകള്‍ക്കൊപ്പം സഞ്ചരിക്കാനായ സൗഭാഗ്യമാണ് തിരികെ പോകുമ്പോള്‍ മനസ്സിന്റെ സന്തോഷം.
ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ഉള്‍പ്പെടെ സംഘടനകളും കൂട്ടായ്മകളും വിപുലമായ യാത്രയയപ്പ് പരിപാടികളാണ് ഒരുക്കിയത്. ഭാര്യ സി എച്ച് നസീമ. അബുദാബിയില്‍ ഫാര്‍മസിസ്റ്റായ സുമയ്യ ശറഫുദ്ധീന്‍, മംഗലാപുരം പി.എ കോളേജ് വിദ്യാര്‍ത്ഥി കാസിം എന്നിവര്‍ മക്കളാണ്.