കോവിഡ് 19 വ്യാപനം തടയാന്‍
ദുബൈ: കോവിഡ് 19 വ്യാപനം തടയാന്‍ ഹാന്റ് വാഷും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും കുടുതല്‍ ഫലപ്രദമായ രീതികളാണെന്ന് പ്രഗല്‍ഭ ഭിഷഗ്വരനും ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സിഎംഡിയുമായ ഡോ. ആസാദ് മൂപ്പന്‍. കോവിഡ് 19 സംബന്ധിച്ച് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പൊതുസമൂഹത്തിന് അവബോധ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മഹാവ്യാധിയായി ലോകാരോഗ്യ സംഘടന കോവിഡ് 19നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാരകമായ ഭീതി ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ലോകത്തുടനീളം എന്നു തന്നെ പറയാം, ഈ രോഗമിന്ന് പടര്‍ന്നു പിടിച്ചിട്ടുണ്ട്. 150ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇതിന്റെ പകര്‍ച്ചയുണ്ടായിരിക്കുന്നു. അതിനാല്‍ തന്നെ, നാമെല്ലാവരും ആശങ്കയിലുമാണ്. എന്നാല്‍, മുന്‍കരുതലും പ്രതിരോധ നടപടികളും തന്നെയാണ് ഈ രോഗത്തെ പുറത്തു നിര്‍ത്താന്‍ പ്രധാനമായ വഴി. ലോകത്ത് എല്ലാ വര്‍ഷവും മെര്‍സ്, സാര്‍സ് പോലെയുള്ള എന്തെങ്കിലും ഇന്‍ഫ്‌ളുവന്‍സ വൈറസ് ഉണ്ടാവാറുണ്ട്. എന്നാല്‍ നിപ്പ, എബോള വൈറസുകളെ പോലെയല്ല ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന കോവിഡ് 19. ഇതു വരെ ആകെ 3 ശതമാനം പേരാണ് കൊറോണ മൂലം മരിച്ചത്. 15 ശതമാനം പേര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. പ്രായമായവരിലാണ് കൊറോണ ബാധ കൂടുതല്‍ കാണുന്നത്. കല്യാണങ്ങള്‍, കൂട്ടം കൂടിയുള്ള പ്രാര്‍ത്ഥനകള്‍, സംഗമങ്ങള്‍ തുടങ്ങിയവ ഒഴിവാക്കി സാമൂഹികമായി അകലം പാലിച്ചാല്‍ ഈ രോഗം പടരുന്നത് ഒരുപരിധി വരെ തടയാനാകും. രോഗസാധ്യതയുണ്ടെങ്കില്‍ സ്വന്തം വീട്ടിലിരുന്ന് സ്വയം ക്വാറന്റീനാവുകയെന്നതാണ് മറ്റൊരു കാര്യം. രോഗപ്രതിരോധത്തിന് എല്ലാ രാജ്യത്തെയും സര്‍ക്കാറുകള്‍ ജനങ്ങള്‍ക്കൊപ്പമുണ്ട്. അതിനാല്‍, ഗവണ്‍മെന്റുകള്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ പാലിക്കണം. വ്യക്തികള്‍ തമ്മിലുള്ള ഹസ്തദാനം, ആശ്‌ളേഷം തുടങ്ങിയവ ഒഴിവാക്കുക. കാരണം, വായുവിലൂടെയല്ല, ശരീര സ്പര്‍ശത്തിലൂടെയും കോണ്‍ടാക്ടിലൂടെയുമാണ് അണു പടരുന്നത്. പൊതുസ്ഥലത്ത് തുപ്പുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങളിലൂടെ രോഗം പടരും. ഇടക്കിടെ സോപ്പുപയോഗിച്ച് കൈകള്‍ കഴുകുക. അതുപോലെ, സാനിറ്റൈസറുകളുടെ ഉപയോഗം മെഡിക്കല്‍ സ്റ്റാഫിന്റേത് മാത്രമല്ല, സാധാരണ ജനങ്ങളുടേത് കൂടിയാണ് എന്ന് ഈ വേളയില്‍ ഗൗരവമായി കാണുക. മറ്റൊരു പ്രധാനപ്പെട്ട കാര്യം, രീതികള്‍ കൊണ്ട് രോഗ വ്യാപനത്തെ നമുക്ക് പരാജയപ്പെടുത്താമെന്നതാണ്. എപ്പോഴും ചൂടുള്ള സാഹചര്യത്തില്‍ കഴിയാന്‍ ശ്രമിക്കുക. തണുത്ത കാലാവസ്ഥയില്‍ കോവിഡ് 19 ബാധ കൂടുതലാകുന്നതായി പഠനങ്ങളില്‍ പറയുന്നു. ഇപ്പോള്‍ കോവിഡ് 19 ബാധ കൂടുതലുണ്ടായിരിക്കുന്നത് ചൈന, ഇറ്റലി പോലുള്ള രാജ്യങ്ങളുടെ തണുത്ത കാലാവസ്ഥാ പ്രദേശങ്ങളിലാണ് എന്നത് പ്രസ്താവ്യമാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും കേരളവും കോവിഡിനെതിരെ നല്ല മാതൃകകള്‍ തീര്‍ത്തിട്ടുണ്ടെന്നാണ് തോന്നുന്നത്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നിന്ന് മുന്നേറുന്നതിനാല്‍ വലിയ മാറ്റങ്ങള്‍ തന്നെ സൃഷ്ടിക്കാനാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ജനങ്ങള്‍ അതിന് വലിയ പിന്തുണ നല്‍കുന്നു. ഇത് അഭിനന്ദനീയമാണ്. ആരോഗ്യ മേഖലയില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തെക്കാള്‍ കേരളത്തിന്റെ തിളക്കമാര്‍ന്ന മികവും പുരോഗതിയും അതിന് സാഹിച്ചിട്ടുണ്ട്.
മറ്റൊരു സുപ്രധാന കാര്യം തനിക്ക് പറയാനുള്ളത്, കോവിഡ് 19 സംബന്ധിച്ച് പല മാധ്യമങ്ങളും പുറത്തു വിടുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകവും ജനങ്ങളെ ഭയപ്പെടുത്തുന്നതുമാണ് എന്നതാണ്. യഥാര്‍ത്ഥ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കുക. ലോകാരോഗ്യ സംഘടനയുടെയും സര്‍ക്കാറുകളുടെയും ബുള്ളറ്റിനുകള്‍ നമുക്ക് വിശ്വസിക്കാം. ഈ മഹാവ്യാധിയെയും നാം അതിജയിക്കും. വരും തലമുറയുടെ ശോഭന ഭാവിക്കായി നമുക്ക് പ്രതിജ്ഞയെടുക്കാം. അതിന് നമുക്കൊന്നിച്ച് മുന്നേറാം. മാതൃക കാട്ടാം -അദ്ദേഹം പറഞ്ഞു നിര്‍ത്തി.