കരുത്തുറ്റ നേതൃത്വം; ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി നേതൃപദവില് മുപ്പത്തിയഞ്ച് വര്‍ഷം
ദുബൈ: മുപ്പത്തിയഞ്ചു വര്‍ഷം ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസിക്ക് സാരഥ്യം വഹിച്ച കെ ടി ഹാഷിം ഹാജി പ്രവാസത്തോട് യാത്ര പറയുന്നു. ഗള്‍ഫിന്റെ സാമൂഹ്യ, സംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചും പിന്നിട്ട ഹാഷിം ഹാജിയുടെ യാത്രകള്‍ പ്രവാസ ലോകത്തെ അപൂര്‍വ മാതൃകകളില്‍ ഒന്നാണ്. ദുബൈ ലത്തീഫ ഹോസ്പിറ്റലില്‍ സ്റ്റോര്‍ അസിസ്റ്റന്റ് തസ്തികയില്‍ ആയിരുന്നു മുപ്പത്തിയാറു വര്‍ഷം. ഉച്ചവരെയുള്ള ജോലി കഴിഞ്ഞാല്‍ മുഴുസമയം സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടും നാട്ടിലെ പാവപ്പെട്ടവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകും. ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും മൂന്നരപ്പതിറ്റാണ്ട് സാരഥ്യം വഹിക്കാന്‍ കഴിഞ്ഞ അപൂര്‍വ ഭാഗ്യവും ഹാഷിം ഹാജിക്ക് സ്വന്തം. മുസ്ലിം ലീഗ് നേതാക്കളുമായും ഗള്‍ഫിലെ വാണിജ്യ-വ്യാപാര രംഗത്തുള്ള പ്രമുഖരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ഹാഷിം ഹാജി, ആ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തിയത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. ദുബൈ കെഎംസിസി ഘടകങ്ങളില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസിയെ ഏറ്റവും കരുത്തുറ്റ ഘടകമാക്കി മാറ്റിയത് ഹാഷിം ഹാജിയുടെ വന്മതില് പോലെയുള്ള നേതൃശക്തിയാണ്. സമര്‍പ്പണം, സന്നദ്ധത തുടങ്ങിയ വാക്കുകളുടെ നേര് ചിത്രമാണ് തന്റെ ജീവിതമെന്ന് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കെഎംസിസിക്കൊപ്പം തന്നെ ദുബൈ സുന്നി സെന്ററിന്റെയും സെക്രട്ടറിയായി ഇക്കാലമത്രയും തുടര്‍ന്നു. ഹാഷിം ഹാജി ചന്ദ്രിക ദിനപത്രത്തിന്റെ സ്ഥിരം വായനക്കാരന് എന്നതിലുപരി അതിന്റെ പ്രചാരകന് കൂടിയായിരുന്നു. ചന്ദ്രികയെ ഹൃദയത്തോളം ചേര്‍ത്തുപിടിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ദുബൈ ഓഫീസില്‍ സര്‍ക്കുലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. രണ്ടുപതിറ്റാണ്ട് കാലം ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി നല്‍കിവന്ന ബ്രൈറ്റ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വഴി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാനായതാണ് ഗള്‍ഫ് വലിയ ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുപകരണ വിതരണ മേളകള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, ചികിത്സാ സഹായങ്ങള്‍, ഭവന നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ വിവിധ പദ്ധതികളിലൂടെ അനേകം പേരുടെ ജീവിതാവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചത് പ്രവാസത്തിന്റെ ധന്യതയായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമ ജീവിതത്തിലേക്ക് പിന്‍വാങ്ങുന്ന ഹാഷിം ഹാജിക്ക് ദുബൈ കെഎംസിസി സംസ്ഥാന ഘടകവും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ഊഷ്മളമായ യാത്രയയപ്പ് ഒരുക്കിയിട്ടുണ്ട്. വിവിധ മഹല്ല് കമ്മിറ്റികളും സുഹൃത്തുക്കളും സഹപ്രവര്‍ത്തരും ചേര്‍ന്ന് വേറെയും പടിപടികള്‍ ഒരുക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും ഹാഷിം ഹാജിയുട കയ്യൊപ്പും കണ്ണീരുപ്പുമുള്ള ഏതെങ്കിലും മനുഷ്യസ്നേഹ പ്രവര്‍ത്തങ്ങള്‍ നടന്നിട്ടുണ്ടാകും. ദുര്‍ബലരുടെ പരാതിക്കെട്ടുകള്‍ ഫയലുകളിലാക്കി, ഉദാരമതികളെ തേടി നടന്ന ഒരു മികച്ച പൊതുപ്രവര്‍ത്തകന്റെ അഭാവമാണ് ആദ്ദേഹത്തിന്റെ തിരികെ യാത്ര സമ്മാനിക്കുന്നത്. നാട്ടിലും സാധ്യമാകുന്നത്ര ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ വ്യാപൃതനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കെഎംഎംസി നേതാക്കളില്‍ പലരും നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങി വിശ്രമ ജീവിതം നയിക്കുന്നു. ചിലര്‍ കാലത്തിന്റെ വിളിക്ക് കീഴടങ്ങി. മുപ്പത്തിയെട്ട് വര്‍ഷത്തെ പ്രവാസത്തിനു വിരാമമിടുമ്പോള്‍, ഗള്‍ഫ് നല്കി സൗഭാഗ്യങ്ങള്‍ക്കും അവസരങ്ങള്‍ തന്ന പ്രസ്ഥാനത്തിനും, കരുത്തായി കൂടെ നിന്നവര്‍ക്കും അദ്ദേഹം നന്ദി പറയുന്നു. ഭാര്യ: ഹസീന. മക്കള്‍: ഹിഷാം ഹാഷിം, ഹാഷിര്‍ ഹാഷിം, ഹിലാല്‍.