ജലീല്‍ പട്ടാമ്പി
ദുബൈ: ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ‘യുവര്‍ സിറ്റി നീഡ്‌സ് യു’ വളണ്ടിയറിംഗ് കാമ്പയിന് ‘ഡേ ഫോര്‍ ദുബൈ’ ആപ്പിലൂടെ തുടക്കം കുറിച്ചു. ദേശസ്‌നേഹത്തിന്റെയും മനുഷ്യ കാരുണ്യ ഉത്തരവാദിത്തങ്ങളുടെയും ഭാഗമായ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് ഈ കാമ്പയിന് സമാരംഭം കുറിച്ചത്. വ്യത്യസ്തമായ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ദുബൈയിലുള്ള ജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് കാമ്പയിന്‍. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ സുരക്ഷക്കും സൗഖ്യത്തിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കും ശൈഖ് ഹംദാന്‍ കടപ്പാട് രേഖപ്പെടുത്തി. ‘ഡേ ഫോര്‍ ദുബൈ’ ആപ്പിലൂടെ സന്നദ്ധ പ്രവര്‍ത്തനത്തിന് സമൂഹത്തിലെ അംഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ”അര്‍പ്പണതയുള്ള സംഘത്തിനൊപ്പം ചേര്‍ന്ന് രാപകല്‍ ഭേദമെന്യേ സേവനം ചെയ്യാന്‍ എല്ലാവരും വളണ്ടിയറാവണമെന്നതാണ് എന്റെ സന്ദേശം. നമ്മുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സമൂഹത്തിന്റെ ക്ഷേമം സംരക്ഷിക്കാനുമുള്ളതാണിത്. നാം ഇന്ന് നേരിടുന്ന ആഗോള മഹാവ്യാധിക്കെതിരെ ഉയര്‍ന്ന നിലയിലുള്ള സുരക്ഷ ഉറപ്പാക്കലാണ് നമ്മുടെ ലക്ഷ്യം. അപ്രകാരം, ഇതിനെ നേരിടാനുള്ള ഭരണകൂട യത്‌നങ്ങള്‍ക്കുള്ള പിന്തുണയുമാണ്. നമ്മുടെ ഐക്യം പ്രകടിപ്പിക്കാനുള്ള ഏറ്റവും മഹത്തായ അവസരമാണിത്. നമ്മുടെ നഗരത്തോടുള്ള സ്‌നേഹ പ്രകടനത്തിനും” -ശൈഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു.
ദുബൈ ഹെല്‍ത്ത് അഥോറിറ്റിയും വതനി അല്‍ഇമാറാത് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ‘യുവര്‍ സിറ്റി നീഡ്‌സ് യു’ വളണ്ടിയറിംഗ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വളണ്ടിയറായി സേവനം ചെയ്യാനുള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങളും വളണ്ടിയറുടെ വൈദഗ്ധ്യവും അനുഭവങ്ങളും അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളില്‍ ചേരാനുള്ള മാര്‍ഗങ്ങളും ‘ഡേ ഫോര്‍ ദുബൈ’ ആപ്പില്‍ നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, നഴ്‌സുമാര്‍ തുടങ്ങിയ മെഡിക്കല്‍ പ്രൊഫഷനലുകളിലുള്ളവര്‍ക്ക് കാമ്പയിന്‍ സമൂഹത്തെ സേവിക്കാനുള്ള അവസരം ഒരുക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനം നല്‍കാനും അടിയന്തിര പ്രതികരണ യത്‌നങ്ങള്‍ക്കായും നോണ്‍ പ്രൊഫഷനലുകള്‍ക്കും കാമ്പയിന്‍ അവസരമൊരുക്കിക്കൊടുക്കുന്നു. ഓരോ സ്ഥാപനത്തിനും അതിന്റെ വളണ്ടിയര്‍മാരെ മാനേജ് ചെയ്യാന്‍ ആപ്പ് സൗകര്യമൊരുക്കുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരുമായും സംവാദത്തിനും സന്ദര്‍ഭമൊരുക്കിക്കൊടുക്കുന്നു. ഇതിന് പുറമെ, നല്‍കിയ സേവന മണിക്കൂറുകുള്‍ കണക്കാക്കി വളണ്ടിയര്‍മാര്‍ക്ക് അച്ചീവ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണം 2017 ഡിസംബറിലാണ് ശൈഖ് ഹംദാന്‍ ഡേ ഫോര്‍ ദുബൈ ആപ്പ് തുടങ്ങിയത്.