ദുബൈ: കൊറോണയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തല്‍ ചെയ്ത സാഹചര്യത്തില്‍ വിമാന കമ്പനികള്‍ കൊള്ള ലാഭത്തില്‍ ടിക്കറ്റ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു. മാര്‍ച്ച് 19ന് കോഴിക്കോട്ടേക്കും കേരളത്തിലെ മറ്റു സ്ഥലങ്ങളിലേക്കും 300 ദിര്‍ഹം മുതല്‍ 370 ദിര്‍ഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷമാണ് ഈ നടപടി. ഇന്ത്യയിലേക്ക് ഇനി ശനിയാഴ്ച മാത്രമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് അനുമതിയുള്ളത്. ശനിയാഴ്ച കൊച്ചിയിലേക്കോ കോഴിക്കോട്ടേക്കോ യാത്ര ചെയ്യണമെങ്കില്‍ 2100 ദിര്‍ഹം മുതല്‍ 2600 വരെ ടിക്കറ്റിന് ഈടാക്കുന്നുണ്ട്. നാട്ടിലേക്ക് എങ്ങനെയെങ്കിലും എ്ത്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയായി. യുഎഇയില്‍ പല കമ്പനികളിലെയും തൊഴിലാളികള്‍ക്ക് അവധി അനുവദിച്ച സാഹചര്യത്തില്‍ പലരും നാട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറായിരിക്കുകയായിരുന്നു. അധിക വില നല്‍കിയാണ് ഇന്നലെ പലരും യാത്ര ചെയ്തത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് 300 ദിര്‍ഹത്തിന് നാ്ട്ടിലെത്താനായി. ഇന്ത്യന്‍ വിമാനക്കമ്പനികളാണ് ഈ പകല്‍ കൊള്ള നടത്തുന്നത്.
കൊറോണയുടെ പാശ്ചാത്തലത്തില്‍ ലോകം മുഴുവനും എല്ലാ മേഖലകളിലും ഇളവുകള്‍ നല്‍കുന്ന അടിയന്തര സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ള ചെയ്യുന്നത്.