വിശുദ്ധ ഹറമിന്റെ ഭാഗങ്ങളില്‍ കനത്ത ജാഗ്രത; മക്കയില്‍ ഭാഗികമായി 24 മണിക്കൂര്‍ കര്‍ഫ്യൂ

റിയാദ്: സഊദിയില്‍ വിശുദ്ധ നഗരമായ മക്കയില്‍ ചില ഭാഗങ്ങളില്‍ നിലവിലുള്ള കര്‍ഫ്യൂ ഇന്ന് മുതല്‍ 24 മണിക്കൂര്‍ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിലുള്ള കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെയായിരിക്കും പൂര്‍ണമായുള്ള ഈ അടച്ചിടല്‍. മക്കയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികള്‍. വിശുദ്ധ ഹറമിന്റെ ഭാഗങ്ങളില്‍ കനത്ത ജാഗ്രതയാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്. അജ്‌യാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹുഷ്ബാക്കര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും കര്‍ഫ്യൂ. സൂപര്‍ മാര്‍ക്കറ്റുകളിലേക്കും ആസ്പത്രികളിലേക്കും രാവിലെ ആറു മുതല്‍ വൈകുന്നേരം മൂന്നു മണി വരെ പോകാനുള്ള അനുമതിയുണ്ട്. നേരത്തെ, കര്‍ഫ്യൂവില്‍ നിന്ന് ഇളവുകളുള്ള വിഭാഗങ്ങള്‍ക്ക് ഇവിടെയും അനുമതിയുണ്ട്.