റിയാദിന് നേരെ ഹൂതി മിസൈല്‍ ആക്രമണം; ലോക രാജ്യങ്ങള്‍ അപലപിച്ചു, നേരിടുമെന്ന് സഖ്യസേന

  135

  മുറാസില്‍
  റിയാദ്: ശനിയാഴ്ച രാത്രി സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെയും അതിര്‍ത്തി പ്രദേശമായ ജിസാനിലേക്കും ഹൂതികള്‍ നടത്തിയ മിസൈല്‍ അക്രമത്തിനെതിരെ ലോക രാജ്യങ്ങള്‍ അപലപിച്ചു. ആഗോള തലത്തില്‍ കൊറോണ മഹാമാരിയെ തടയാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തിയ ആക്രമണം മനുഷ്യത്വ രഹിതമാണെന്ന് സഊദിയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ അബിസൈദ് പറഞ്ഞു. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി തീവ്രവാദം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.
  കഴിഞ്ഞ ദിവസം ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ജിസിസി സെക്രട്ടറി ജനറല്‍ ഡോ .നായിഫ് ബിന്‍ ഫലാഹ് അല്‍ഹജ്‌റഫ് ശക്തമായി അപലപിച്ചു. ഈ ആക്രമണം മൂലം അക്രമികള്‍ ലക്ഷ്യം വെക്കുന്നത് ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കാനും സുരക്ഷിതത്വം അപകടപ്പെടുത്താനുമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മുന്‍പന്തിയിലുമാകുമെന്ന് ഡോ. നായിഫ് പറഞ്ഞു. തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും രക്ഷിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും ജിസിസി കൗണ്‍സിലിന്റെ പിന്തുണയുണ്ടാകും. ഇത്തരം നീച പ്രവൃത്തികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും യോജിച്ച നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.
  മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കുമെതിരെയുള്ള ഭീഷണിയാണ് ഹൂതികളുടെ നടപടിയെന്ന് യുഎഇ പറഞ്ഞു. കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആഗോള ഐക്യം വേണമെന്ന സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആഹ്വാനത്തിന് ലോക രാജ്യങ്ങള്‍ കൈ കോര്‍ക്കാന്‍ സന്നദ്ധമായ ഘട്ടത്തിലാണ് ഈ ആക്രമണമെന്നത് ശ്രദ്ധേയമാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളും അറബ് ലോകവും ഹൂതികളുടെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
  അതേസമയം, ആക്രമണത്തെ കയ്യും കെട്ടി നില്‍ക്കില്ലെന്ന് സഊദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണയെ തടയാനുള്ള പോരാട്ടത്തില്‍ ശ്രദ്ധയൂന്നി നില്‍ക്കുന്ന സാഹചര്യം മുതലെടുക്കാനാണ് ഹൂതികള്‍ ശ്രമിക്കുന്നതെന്ന് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മുല്‍ക്കി പറഞ്ഞു. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡുകളുടെ സഹായത്തോടെയാണ് യെമനിലെ സന്‍ആയില്‍ നിന്ന് ഹൂതികള്‍ ആക്രമണ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതെന്നും ഇത്തരം ആക്രമണകാരികളെയും അവരെ പിന്തുണക്കുന്നവരെയും സഖ്യസേന ശക്തമായി നേരിടുമെന്നും കേണല്‍ തുര്‍ക്കി പറഞ്ഞു. ശനിയാഴ്ച രാത്രി 11.23ന് റിയാദിന് മുകളില്‍ സഊദി സുരക്ഷാ സേന തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴെ പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.