
ഹഡല്ഹി പൂര്‍ണമായും അടക്കും; മഹാരാഷ്ട്രയിലും, തെലങ്കാനയിലും നിരോധനാജ്ഞ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടര്‍ന്നു പടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു. ഡല്‍ഹിയില്‍ ഇന്നലെ രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു.
രാത്രി 9 മണി മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ഇതോടെ ഡല്‍ഹി പൂര്‍ണമായും അയ്ക്കുന്ന സ്ഥിതിയുണ്ടാവും. വേണ്ടിവന്നാല്‍ ഡല്‍ഹി അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചിരുന്നു. ആളുകളോട് സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ വീടുകളും ഡല്‍ഹി സര്‍ക്കാര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അത്തരം കുടുംബങ്ങളെ മാറ്റി നിര്‍ത്തരുത്. അവരോട് അനുകമ്പ കാണിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണം. മാര്‍ക്ക് ചെയ്യുന്നത് ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തു.
അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം മുതല്‍ നിരോധിച്ചിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി കെജ് രിവാള്‍ വാര്‍്ത്താ സമ്മേളനങ്ങള്‍ വീഡിയോ കോണ്ഫറന്സിലൂടെയാക്കിയിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം വിധവ പെന്ഷന്, ഭിന്ന ശേഷിക്കാരുടെ പെന്ഷന്, വാര്‍ധക്യ പെന്ഷന് തുടങ്ങിയവരുടെ അടുത്ത മാസത്തെ പെന്ഷന് ഇരട്ടിയാക്കാനും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പ്, ഗ്രോസറി, പാല് എന്നിവക്ക് വിലക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം പൊതു സ്വകാര്യ വാഹനങ്ങളും ഇ റിക്ഷകളും ഒരു കാരണവശാലും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി മെട്രോയും ഈ മാസം 31 വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാനയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ മാസം 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. സംസ്ഥാന ഉ്ന്നതാധികാര സമിതിയുടെ യോഗത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ തെലങ്കാനയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച അഞ്ചു പേരും വിദേശത്തു നിന്നും മടങ്ങി എത്തിയവരാണ്. അവശ്യസാധനങ്ങള്‍ മരുന്നുകള്‍ തുടങ്ങിയവയെ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം സംസ്ഥാനത്തെ 90 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 12 കിലോ അരി വീതം സൗജന്യമായി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു കൂടാതെ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 1500 രൂപ വീതം അക്കൗണ്ടുകളില്‍ നല്‍കാനും തീരുമാനിച്ചതായി ചന്ദ്രശേഖര റാവു അറിയിച്ചു. മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്ന 14 മണിക്കൂര്‍ നീളുന്ന ജനത കര്‍ഫ്യു ഇന്നു രാവിലെ വരെ നീട്ടിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ആളുകളോട് സെല്‍ഫ് ക്വാറന്റൈനില്‍ പോകാനും താക്കറെ കര്‍ശനമായി പറഞ്ഞിട്ടുണ്ട്. മുംബൈയില്‍ മാര്‍ച്ച് 31ന് മുമ്പ് രാജ്യത്തിന് പുറത്തു നിന്നുള്ള ഒരു വിമാനം പോലും ഇറക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നാലു സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയി ഉയര്‍ന്നു. ഉത്തരാഖണ്ഡില്‍ മാര്‍ച്ച് 31 വരെ കര്‍ഫ്യൂ തുടരാന്‍ തീരുമാനം. ഇന്നലെ നടന്ന ജനതാ കര്‍ഫ്യൂ സംസ്ഥാനത്തെമ്പാടും ജനുവരി 31 വരെ തുടരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. എന്നാല്‍ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസേവനങ്ങള്‍ ലഭ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31 വരെ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകളും നിര്‍ത്തിവെക്കും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ സഞ്ചാരം പരമാവധി തടയുന്നതിനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.