കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പൊലീസിന് നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായി കോടതിയില്‍ മൊഴി നല്കിയ ഇദ്ദേഹം കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന് ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. നടന് ദിലീപ് പ്രതിയായ കേസില്‍ ഇന്നലെയാണ് ഇടവേള ബാബുവിനെ വിസ്തരിച്ചത്.
മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സലിനിടെ, തന്റെ അവസരങ്ങള്‍ നടന് ദിലീപ് തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു നേരത്തെ പൊലീസില്‍ നല്കിയ മൊഴി. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി. ഇക്കാര്യങ്ങളും ഇടവേള പൊലീസിന് നല്കിയ മൊഴിയിലുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം വിസ്താരത്തിനിടെ ഇടവേള ബാബു നിഷേധിച്ചു. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് പരാതിപ്പെട്ടതായി ഓര്‍മയില്ലെന്നായിരുന്നു ഇന്നലെ കോടതിയിലെ മൊഴി.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം ദിലീപിനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. അതേസമയം കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്നലെ വിസ്തരിച്ചില്ല. സമയക്കുറവ് കാരണം ശ്യാമളയുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി.