ഐഡന്റിറ്റി അഥോറിറ്റി, ജുഡീഷ്യറി വിദൂര സേവനം ശക്തിപ്പെടുത്തുന്നു

11

അബുദാബി: യുഎഇ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് (ഐസിഎ), അബുദാബി ജുഡീഷ്യറി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിദൂര സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചു. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദവും സൗകര്യപ്രദവുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ സിസിടിവി കാമറകളിലൂടെ പൂര്‍ത്തിയാക്കാനാകുന്ന വിധത്തിലാണ് ക്രമീകരിക്കുന്നത്. പൊതുജനാരോഗ്യം പരമ പ്രധാനമായി കണ്ടാണ് വിവിധ സേവന കേന്ദ്രങ്ങള്‍ വിദൂര സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. പൊതുജനങ്ങള്‍ വിവിധ സേവന കേന്ദ്രങ്ങളില്‍ എത്തുന്നതിന് പകരം ഓണ്‍ലൈനിലൂടെ മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതി ജീവനക്കാര്‍ക്കും കൂടുതല്‍ ഗുണകരമായി മാറും.
കൊറോണ വൈറസ് തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി പ്രായം ചെന്നവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് യുഎഇ ആരോഗ്യ വിഭാഗം അധികൃതര്‍ നിര്‍ദേശം നല്‍കി. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് വളരെ വേഗത്തില്‍ പടരാനുള്ള സാധ്യത ഏറെയുള്ളതിനാലാണ് ആരോഗ്യ മന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രായാധിക്യമുള്ളവര്‍ പരമാവധി പുറത്തിറങ്ങാതിരിക്കുകയും ആളുകള്‍ കൂടുന്നയിടങ്ങളില്‍ എത്താതിരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കനത്ത ജാഗ്രാതാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ഡിപാര്‍ട്‌മെന്റുകളിലെ ജീവനക്കാര്‍ക്ക് ജോലിയില്‍ ഹാജരാകുന്നതില്‍ ഇളവ് അനുവദിച്ചു. ഗര്‍ഭിണികള്‍, ഒമ്പതിനു താഴെയുള്ള ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍, പ്രായം ചെന്നവര്‍ എന്നിവരെയാണ് ഇന്നു മുതല്‍ ഈ മാസം 31 വരെ ജോലിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. വീട്ടിലിരുന്ന് ജോലികള്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് യുഎഇ അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.