ഇന്‍ഡിഗോയില്‍ 185 പേര്‍ മുംബൈയിലേക്ക് പറന്നു, ജിദ്ദയില്‍ കുടുങ്ങിയ ഉംറക്കാരെ നാട്ടിലെത്തിച്ചു

റിയാദ്: ഉംറ നിര്‍വഹിക്കാനെത്തി കൊറോണ മുന്‍കരുതല്‍ നടപടികളില്‍ ജിദ്ദയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ ഉംറ തീര്‍ത്ഥാടകരെ മുഴുവന്‍ പേരെയും നാട്ടിലെത്തിച്ചതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 185 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരെ പ്രത്യേക ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ ഉച്ച 2.35ന് ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് യാത്രയാക്കിയതോടെ ഉംറക്കായി എത്തിയ അവസാന ഇന്ത്യന്‍ സംഘവും നാട്ടിലെത്തി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദി പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ നിലവില്‍ വന്നപ്പോള്‍ മക്കയിലും മദീനയിലുമുണ്ടായിരുന്ന 3035 ഇന്ത്യന്‍ ഉംറ തീര്‍ഥാടകരെ ഇതോടെ ഇന്ത്യയിലെത്തിച്ചതായി തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സഹായ കേന്ദ്രം തുറന്ന ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. ഫെബ്രുവരി 27ന് രാജ്യത്തെത്തി മാര്‍ച്ച് 28ന് മുന്‍പായി തിരിച്ചു പോകേണ്ടവരെയാണ് പ്രതേക സാഹചര്യത്തില്‍ കൃത്യമായി ഷെഡ്യൂള്‍ ചെയ്ത് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത് . ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇക്കാര്യത്തിലെടുത്ത തീരുമാനങ്ങളാണ് വിമാനങ്ങള്‍ക്ക് വിലക്കുണ്ടായിട്ടും ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കാന്‍ കാരണമായത്. സഹകരിച്ച സഊദി വ്യോമയാന മന്ത്രാലയത്തിനും ഉദ്യോഗസ്ഥര്‍ക്കും എയര്‍ലൈന്‍സിനും ജിദ്ദ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു.
കഴിഞ്ഞ മാസം 27 മുതല്‍ എല്ലാ ഉംറ തീര്‍ഥാടകരുടെയും (ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ) സഊദിയിലേക്കുള്ള വരവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. കൂടാതെ, മാര്‍ച്ച് 15 മുതല്‍ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ആശങ്കയിലായിരുന്ന കുടുംബങ്ങള്‍ അടക്കമുള്ള ഉംറക്കെത്തിയവര്‍ക്ക് ഏറെ ആശ്വാസമാകുന്ന നടപടികളാണ് ജിദ്ദ കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടും ജന.സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും പറഞ്ഞു.

കോവിഡ് 19 സഊദിയില്‍ 238 പേര്‍ക്ക്
റിയാദ്: കോവിഡ് 19 കേസുകള്‍ 67 പേര്‍ക്ക് കൂടി സ്ഥിതീകരിച്ചതോടെ സഊദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 238 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദില്‍ 19, കിഴക്കന്‍ പ്രവിശ്യയില്‍ 23, ജിദ്ദ 13, മക്ക 11, അസീര്‍ 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച വരെ സഊദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 171 കേസുകളാണ്. ഇവരില്‍ 87 പുരുഷന്മാരും 84 സ്ത്രീകളുമാണ്. ആറ് കുട്ടികളുമുണ്ട്. ആറ് പേര്‍ രോഗശമനം നേടി ആസ്പത്രി വിട്ടു. രോഗം പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ നിന്ന് സഊദിയിലെത്തിയവര്‍ 133 പേരാണ്. 38 പേര്‍ കൊറോണ ബാധിച്ചവരുടെ ബന്ധുക്കളോ സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. 45 വയസുള്ളവാരാണ് രോഗബാധയുള്ളവരിലധികവും. രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ രാജ്യ വ്യാപകമായി കര്‍ശനമായി നടപ്പാക്കി വരുന്നുണ്ടെങ്കിലും രണ്ടു ദിവസം മുന്‍പു തന്നെ രാജ്യത്തെത്തിയ കേസുകളാണ് പോസിറ്റീവ് ആയി കണ്ടെത്തിയത്.