വഴിയില്‍ കുടുങ്ങിയവരുടെ യാത്ര ഇനിയും നീളും
ദുബൈ: ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാനസര്‍വീസുകള്‍ ഏപ്രില്‍ 14 വരെ റദ്ദാക്കി. നേരത്തെ മാര്‍ച്ച് അവസാനം വരെയായിരുന്നു നിരോധനം. പിന്നീട് ന്ത്യ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വിമാനസര്‍വീസുകളും അതനുസരിച്ച് മാറ്റം വരുത്തിയിട്ടുള്ളത്. കാര്‍ഗോ വിമാനങ്ങള്‍ക്ക് നിരോധനം ബാധിക്കില്ല. രാജ്യം 21 ദിവസത്തെ ലോക്ഡൗണ്‍ ഇക്കഴിഞ്ഞ 24 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ ഇന്ത്യയിലെ എല്ലാ പൊതുഗതാഗത സംവിധാനവും നിരോധിച്ചിട്ടുണ്ട്. രാജ്യാന്തര വിമാന സര്‍വീസുകളുടെ നിരോധനം നീട്ടിയതോടെ ആയിരക്കണക്കിന് പ്രവാസികളാണ് സ്വന്തം നാട്ടിലെത്താന്‍ കഴിയാതെ വഴിയില്‍ കിടക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട പലര്‍ക്കും യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ ദുബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമുണ്ട്. ഇവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ വിമാനത്താവളത്തിനകത്ത് പെട്ടുപോയത്. ഇതുകൂടാതെ വിവിധ രാജ്യാന്തര വിമാനങ്ങളില്‍ വന്ന് യാത്ര പൂര്‍ത്തിയാക്കാനാവാതെ ഹോട്ടലുകളില്‍ താമസിക്കുന്നവരുമുണ്ട്. ഇവരുടെ യാത്രയും ഇതോടെ ഏപ്രില്‍ 14 വരെ നീണ്ടുപോവും.