ഇന്ത്യ അടച്ചു; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 15 വരെ

കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള കര്‍ക്കശ നടപടികളുടെ ഭാഗമായി ഇന്ത്യ മുഴുവ2ന്‍ സമ്പൂര്‍ണമായി അടച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിമുതല്‍ തീരുമാനം പ്രാബല്യത്തില്‍വന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തീരുമാനം ബാധകമായിരിക്കും. രാത്രി എട്ടു മണിക്ക് ടെലിവിഷന്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യം പ്രധാനമായ ഒരു തീരുമാനം എടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതല്‍ രാജ്യം മുഴുവന്‍ അടച്ചിടുകയാണ് പ്രധാനമന്ത്രി പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടല്‍ തീരുമാനം കൈക്കൊള്ളുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനിയുള്ള മൂന്ന് ആഴ്ച നിര്‍ണയകമാണ്. ഈ സാഹചര്യത്തില്‍ 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിടുന്നത്. വികസിത രാജ്യങ്ങള്‍ പോലും മഹാമാരിക്കു മുന്നില്‍ തകര്‍ന്നു നില്‍ക്കുകയാണ്. കൊറോണയെ തടയണമെങ്കില്‍ അതു പടരുന്ന വഴികള്‍ തകര്‍ക്കുകയാണ് മാര്‍ഗം. സാമൂഹിക അകലം പാലിക്കുക എന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബത്തിലെ എല്ലാവരും ഇത് പിന്തുടരണം. കൊറോണയെ നേരിടാന്‍ മറ്റു വഴികളില്ല. രോഗികള്‍ മാത്രമല്ല, സാമൂഹിക അകലം പാലിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഇന്ത്യക്കാരന്റേയും ജീവന്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്. ഇത്എന്റെയും ഈ സര്‍ക്കാറിന്റേയും ബാധ്യതയാണ്. 21 ദിവസം നമുക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പിറകോട്ടു പോകും. അതത് സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന നിര്‍ദേശങ്ങളെ ഓരോ പൗരനും ഗൗരവത്തോടെ തന്നെ എടുക്കണം. വലിയ സാമ്പത്തിക നഷ്ടം ഇതിന് നമ്മള്‍ നല്‍കേണ്ടി വരും. എന്നാല്‍ പൗരന്റെ ജീവനും ആരോഗ്യവും. അതിനു മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണന നല്‍കുന്നത്.
ഒരു കാര്യം ഓര്‍ക്കുക, കോവിഡ്19 ബാധിതര്‍ തുടക്കത്തിലൊന്നും ലക്ഷണങ്ങള്‍ കാണിച്ചു കൊള്ളണമെന്നില്ല. രോഗ ലക്ഷണങ്ങള്‍ പ്രകടമാകും വരെ ഇറങ്ങി നടന്നാല്‍ നൂറു കണക്കിന് പേരിലേക്ക് അവര്‍ വൈറസിനെ പടരാന്‍വിടും. രാജ്യം സ്വീകരിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും ഇതില്‍ വ്യര്‍ത്ഥമാകും. ആരോഗ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പരിഗണന നല്‍കാവൂ. ഭക്ഷണവും മരുന്നും എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനതാ കര്‍ഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങള്‍ക്കു നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ജനം ഒരുമിച്ചു നിന്നു. ഈ ഒരുമ ഇനിയും തുടരണം. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. രാജ്യത്തെ 11 മാധ്യമങ്ങളുടെ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്.
രോഗവ്യാപനം, ക്വാറന്റൈന്‍, ഐസൊലേഷന്‍, മുന്‍കരുതല്‍ നടപടികള്‍, രോഗപരിശോധന എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ താഴെ തട്ടിലേക്ക് വരെ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ എവിടെയെല്ലാം ലഭിക്കും എന്നതു സംബന്ധിച്ച വിവരങ്ങള്‍ കൂടി മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.