ഇന്ത്യന്‍ കോണ്‍സുല്‍ സര്‍വീസ് ലഘൂകരിച്ചു; പ്രവേശനം നിയന്ത്രിക്കും

    46

    ബില്‍എസ് വഴി കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് മാത്രം

    ദുബൈ: ദുബൈയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സേവനങ്ങള്‍ ലഘൂകരിച്ചു. ഒപ്പം ഞായറാഴ്ച മുതല്‍ ഓഫീസിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കും. ആളുകള്‍ ഒന്നിച്ചുകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അടിയന്തര സാഹചര്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം ഓഫീസിനെ ആശ്രയിച്ചാല്‍ മതിയെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് അറിയിച്ചു. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകളും ജൂണ്‍ 30ന് മുമ്പ് കാലാവധി തീരുന്ന പാസ്‌പോര്‍ട്ടുകളും മാത്രമായിരിക്കും ബിഎല്‍എസ് സെന്റര്‍ വഴി പുതുക്കി നല്‍കുക. അടിയന്തര ഘട്ടങ്ങളില്‍ അപേക്ഷകര്‍ക്ക് മാത്രമായിരിക്കും ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക. വിവിധ എമിറേറ്റുകളില്‍ അസോസിയേഷനുകള്‍ മുഖേന ലഭിക്കുന്ന അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ ഇനി രണ്ടാഴ്ചത്തേക്ക് ലഭിക്കുന്നതല്ല. ഇനി ഏതെങ്കിലും ഇന്ത്യന്‍ പൗരന് അടിയന്തര അറ്റസ്റ്റേഷന്‍ അനിവാര്യമായ ഘട്ടത്തില്‍ ദുബൈയിലുള്ള ഐവിഎസ് അറ്റസ്റ്റേഷന്‍ സെന്ററില്‍ എത്തണം. ഇവിടെ എമര്‍ജന്‍സി സ്വഭാവമുള്ള അപേക്ഷകള്‍ മാത്രമെ സ്വീകരിക്കുകയുള്ളൂ. കോണ്‍സുലേറ്റുമായി ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്- consl.dubai@mea.gov.in cons3.dubai@mea.gov.in conssec.dubai@mea.gov.in എന്നീ ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കാം.
    ജനനം, മരണം, അപകടം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്് മാത്രം കോണ്‍സുലേറ്റില്‍ പ്രവേശനം അനുവദിക്കും. വിവാഹ രജിസ്‌ട്രേഷന്‍, മരണ രജിസ്‌ട്രേഷന്‍ തുടങ്ങിയവക്ക് കുറഞ്ഞ ആളുകളെ മാത്രം കര്‍ശനമായ സ്‌ക്രീനിംഗിന് വിധേയമാക്കി പ്രവേശിപ്പിക്കും. ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.