അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളുമായി യൂനിയന്‍ കോഓപ് ഹോം ഡെലിവറി

ദുബൈ: ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഏറ്റവും മികച്ച സംവിധാനങ്ങളൊരുക്കി യുഎഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്തൃ സ്ഥാപനമായ യൂനിയന്‍ കോഓപ്.
ഏത് സമയവും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് മാത്രമാണ് യൂനിയന്‍ കോഓപ് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്ന് ഹാപിനസ് ആന്റ് മാര്‍ക്കറ്റിംഗ് വകുപ്പ് മേധാവി ഡോ. സുഹൈല്‍ അല്‍ബസ്തകി വ്യക്തമാക്കി. രാജ്യാന്തര ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിതരണക്കാരുമായി മാത്രമേ യൂനിയന്‍ കോഓപ് കരാറുകളില്‍ ഏര്‍പ്പെടാറുമുള്ളൂ. യുഎഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയവും ദുബൈ നഗരസഭയും നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിര്‍ദേശങ്ങളും ഉല്‍പന്നങ്ങളുടെ ശേഖരണത്തിലും സൂക്ഷിപ്പിലും കൈമാറ്റത്തിലുമെല്ലാം കൃത്യമായി പാലിച്ചു വരുന്നു.
ഭക്ഷണ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഇടങ്ങളെല്ലാം ദുബൈ നഗരസഭ അംഗീകരിച്ച അണുനാശിനികള്‍ ഉപയോഗിച്ച് അണു മുക്തമാക്കിയെന്ന് ഉറപ്പു വരുത്തുന്നുണ്ട്. വാഹനങ്ങളും അത്തരത്തില്‍ സൂക്ഷിക്കുന്നുണ്ട്. മനുഷ്യ സ്പര്‍ശം ഏല്‍ക്കുന്ന ഭാഗങ്ങളെല്ലാം പ്രത്യേക സുരക്ഷ പുലര്‍ത്തിയാണ് സൂക്ഷിക്കുന്നത്.
കര്‍ശനമായി വ്യക്തിശുചിത്വം പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ സ്ഥിതിഗതികളും കൃത്യമായി പരിശോധിച്ചു വരുന്നു. പനി, ചുമ, തുമ്മല്‍ തുടങ്ങിയ ഏതെങ്കിലും പ്രശ്‌നം നേരിടുന്നവരെ ഡ്യൂട്ടിയില്‍ നിന്ന് അടിയന്തിരമായി മാറ്റി നിര്‍ത്തുന്നുണ്ട്. ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥന്‍മാരെയും എല്ലാ ബ്രാഞ്ചുകളിലും നിയോഗിച്ചതായും ഡോ. ബസ്തകി വ്യക്തമാക്കി.