അഷ്റഫ് വേങ്ങാട്ട്
റിയാദ്: യാത്ര വിലക്കില്‍പെട്ട് നാട്ടില്‍നിന്ന് മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് കാലാവധി തീരുന്ന മുറക്ക് ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്കാന് സൗകര്യം ഒരുക്കുമെന്ന് സഊദി ജവാസാത്ത് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. യാത്രാവിലക്ക് സമയം ഗ്രേസ് പീരിയഡായി കണക്കിലെടുത്ത് വിലക്ക് നിലവില്‍ വന്ന ശേഷം കാലാവധിയുള്ളവര്‍ക്കാണ് പുതുക്കി നല്‍കാനുള്ള സൗകര്യമൊരുക്കുക. സഊദിയിലെ റസിഡന്‍ഷ്യല്‍ പെര്‍മിറ്റായ ഇഖാമയും റീ എന്‍ട്രിയും കുറഞ്ഞ കാലാവധിയുള്ളവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുപോരാന്‍ അനുവദിച്ച 72 മണിക്കൂര്‍ സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് നിരവധി പ്രവാസികളുടെയും കുടുംബങ്ങളുടെയും ആശങ്കകള്‍ക്ക് അറുതി വരുത്തി സഊദി പാസ്പോര്‍ട്ട് വിഭാഗമായ ജവാസാത്തിന്റെ പ്രഖ്യാപനം. അനിശ്ചിതമായി നീളുന്ന യാത്രാവിലക്കില്‍ പെട്ട് വിസ നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ കിട്ടുന്ന വിമാനത്തില്‍ പറയുന്ന കാശ്കൊടുത്ത് ടിക്കറ്റെടുക്കാന്‍ നെട്ടോട്ടമോടിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നീക്കം ആശ്വാസം പകരും. വിദേശികളുമായി ബന്ധപ്പെട്ട പാസ്പോര്‍ട്ട് വിഭാഗത്തിന്റെ പ്രത്യേക ഇലക്ട്രോണിക് സര്‍വീസായ അബ്ഷിര്‍ വഴിയാകും ഈ സംവിധാനമൊരുക്കുകയെന്നാണ് സൂചന. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനുഷികപരമായ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നതെന്ന് ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കി. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പായി കുടുംബത്തെ സഊദിയിലാക്കി വിദേശത്ത് പോയവര്‍ക്കും അതാത് വിദേശ രാജ്യങ്ങളിലെ സഊദി എംബസിയെ സമീപിച്ചാല്‍ പരിഹാരമുണ്ടാകും.