പേടിക്കരുത്, വീട്ടില്‍ സുഖമായി കഴിയുക…

40

ചിത്രത്തിലുള്ളത് ഇറ്റാലിയന്‍ സിരിയ എ ക്ലബായ സാസുലോയുടെ മുന്‍നിരക്കാരന്‍ സിസിയോ കാപസോ. സിരിയ എയില്‍ ബെര്‍സിക്കക്കെതിരായ പോരാട്ടത്തില്‍ ഒന്നല്ല രണ്ട് ഗോളാണ് സിസിയോ സ്വന്തമാക്കിയത്.  മൂന്ന് ഗോളിന് ടീം വന്‍ജയം നേടുകയും ചെയ്തു. കോറോണ വൈറസ് ബാധ രാജ്യത്താകമാനം വ്യാപിക്കുമ്പോള്‍  ഗ്യാലറിയില്‍ ആളുകള്‍ കുറവായിരുന്നു. മല്‍സരം കഴിഞ്ഞതിന് ശേഷം സിസിയോ  ഇറ്റാലിയനില്‍ എഴുതിയ പ്ലക്കാര്‍ഡ് മല്‍സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്് മുന്നില്‍ ഉയര്‍ത്തുകയാണ്.  ഇറ്റാലിയനില്‍ എഴുതിയത് ഇപ്രകാരമാണ്- ഇവിടെ എല്ലാം ഭദ്രമാണ്, നിങ്ങള്‍ വീട്ടില്‍  സുഖമായി കഴിയുക എന്നാണ്. ഈ മല്‍സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ഇറ്റാലിയന്‍ ഒളിംപിക് അസോസിയേഷന്‍ സിരിയ എ മല്‍സരങ്ങള്‍ ഏപ്രില്‍ 6 വരെ നിരോധിച്ചത്. ചൈനയും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ കോറോണയില്‍ ഏറെ വ്യാകുലപ്പെടുന്ന രാജ്യമാണ് ഇറ്റലി. രാജ്യത്ത് ഉദ്ദേശം  പതിനാറ് ദശലക്ഷം  ആളുകളാണ് നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സിരിയ എ യില്‍ മല്‍സരങ്ങളുണ്ടായിരുന്നു. പക്ഷേ മിക്ക മല്‍സരങ്ങളും ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു നടന്നത്. ശക്തരായ ഇന്റര്‍ മിലാനെ രണ്ട് ഗോളിന് തോല്‍പ്പിച്ച യുവന്തസാണ് ഇപ്പോല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. ലാസിയോ രണ്ടാമത് നില്‍ക്കുന്നു. ഇറ്റലിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗെയിമാണ് ഫുട്‌ബോള്‍. ഏറ്റവുമധികം കാണികളെത്തുന്ന പോരാട്ടക്കളങ്ങളാണ് സിരിയ എ വേദികള്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് സിരിയ മല്‍സരങ്ങള്‍ അനിശ്ചിതമായി മാറ്റുന്നത്.