റോം: കൊവിഡ് 19 വൈറസ് വ്യാപനം പരിധി വിട്ടതോടെ മരണനിരക്ക് ക്രമാതീതമായി ഉയരുന്ന ഇറ്റലിയുടെ ആരോഗ്യരംഗത്തിന് കൈത്താങ്ങുമായി ക്യൂബ. കൊറോണ വൈറസ് ഏറ്റവുമധികം ജീവനെടുത്ത ഇറ്റലിയില്‍ ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘമെത്തി. ഇറ്റലിയില്‍ വൈറസ് ഏറ്റവുമധികം വിനാശം വിതച്ച ലോംബാര്‍ഡിയിലാണ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുക.
സമ്പന്നരാജ്യമൊന്നും അല്ലെങ്കിലും ക്യൂബയുടെ സേവനത്തിന് സന്നദ്ധമായത് പല രാജ്യങ്ങള്‍ക്കും പ്രചോദനമായിരിക്കുകയാണ്. ലോകത്ത് ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള ഡോക്ടര്‍മാരുടെ അനുപാതത്തില്‍ മുന്പില് നില്ക്കുന്ന ക്യൂബ ലോകരാജ്യങ്ങള്‍ ആരോഗ്യപ്രതിസന്ധിയില്‍ നില്ക്കുമ്പോള് പലപ്പോഴും സഹായത്തിന് രംഗത്തെത്തിയിട്ടുണ്ട്. 2020ല്‍ പശ്ചിമ ആഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോഴും ഹെയ്തിയില്‍ കോളറ ഭീഷണി സൃഷ്ടിച്ചപ്പോഴും ക്യൂബന്‍ ഡോക്ടര്‍മാരാണ് സഹായത്തിനെത്തിയത്. സോഷ്യലിസ്റ്റ് രാജ്യങ്ങളായ വെനസ്വേല, നികരാഗ്വേ, ജമൈക്ക, സുരിനാമി, ഗ്രെനാഡ തുടങ്ങിയ രാജ്യങ്ങളെയും ക്യൂബ സഹായിച്ചിട്ടുണ്ട്. ഇറ്റലിയിലെ ലോംബാര്‍ഡിയിലേക്ക് 52 അംഗ മെഡിക്കല്‍ സംഘത്തെ അയക്കുന്ന ക്യൂബ ഈ ചരിത്രമാണ് ആവര്‍ത്തിക്കുന്നതും. ആരോഗ്യരംഗത്ത് ഏറെ മുന്നില്‍ നില്ക്കുന്ന ഇറ്റലിയിലേക്ക് വൈദ്യസഹായവുായി എത്തുന്ന ക്യൂബയുടെ ആരോഗ്യനയതന്ത്രം ഇതിനോടകം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിപ്ലവകരമായ ജോലിയാണ് തീര്‍ക്കാനുള്ളത്. അതുകൊണ്ട് പേടി ഞങ്ങള്‍ മാറ്റി വെച്ചിരിക്കുകയാണ്. 68 കാരനായ ഇന്റന്‍സീവ് കെയര്‍ വിദഗ്ധനായ ഡോ. ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞതാണിത്. ഇത് ഫെര്‍ണാണ്ടസിന്റെ എട്ടാമത്തെ അന്താരാഷ്ട്ര ദൗത്യമാണ്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 വൈറസ് ഏറ്റവുമധികം നാശം വിതച്ചത് ഇറ്റലിയിലാണ്. ആറുകോടി മാത്രം ജനസംഖ്യയുള്ള മെഡിറ്ററേനിയന്‍ രാജ്യത്ത് വൈറസ് ഇതിനോടകം അയ്യായിരത്തിലധികം പേരുടെ ജീവനാണെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി അഞ്ഞൂറിലധികം പേരുടെ ജീവനാണ് ഓരോ ദിവസവും നഷ്ടപ്പെടുന്നത്. ഇറ്റലിയിലെ പ്രായമേറിയ ജനസംഖ്യക്ക് പുറമെ തുടക്കത്തില്‍ തന്നെ വൈറസ് വ്യാപനം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പരാജയപ്പെടുക കൂടി ചെയ്തതാണ് മരണസംഖ്യ വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയായത്. രാജ്യത്ത ആശുപത്രികളെല്ലാം നിലവില്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്.
അതേസമയം, ക്യൂബയില്‍ ഇതുവരെ 35 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ മടിയില്ലാത്ത ക്യൂബയില്‍ ഇതിനോടകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 255 വിദേശികള്‍ ഉള്‍പ്പെടെ 954 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുമുണ്ട്. 30773 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.