ഇറ്റലിയില്‍ സമ്പര്‍ക്ക ജാഗ്രത

റോം: കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുകയും മരണസംഖ്യ കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ഇറ്റലി. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 233 ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,883 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ഇറ്റലിയില്‍ 1.6 കോടി ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി. ലോമ്പാര്‍ഡി പ്രവിശ്യ പൂണമായും അടച്ചുപൂട്ടാനാണ് അധികൃതരുടെ തീരുമാനം. ലോമ്പാര്‍ഡി മേഖലയിലുള്‍പ്പെടെ 14 പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ഏപ്രില്‍ അവസാനം വരെ നിര്‍ബന്ധിത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ നഗരത്തിലേക്ക് പ്രവേശിക്കാനോ പുറത്തുപോ കാനോ പാടില്ല. ഭരണകൂടത്തിന്റെ സര്‍വ്വ പ്രതിരോധ സന്നാങ്ങളെയും മറികടന്നാണ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകള്‍, കോളജുകള്‍, മ്യൂസിയങ്ങള്‍, ജിംനേഷ്യങ്ങള്‍, നൈറ്റ് ക്ലബ്ബുകള്‍ തുടങ്ങി പൊതുവേദികളെല്ലാം അടച്ചിരിക്കുകയാണ്. ലോമ്പാര്‍ഡി പ്രവിശ്യക്ക് പൂട്ടിടുന്നത് ഇറ്റലിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കും. മിലാന്‍ നഗരം ലോമ്പാര്‍ഡിയിലാണ്. വെനിസ് നഗരത്തെയും വിലക്ക് ബാധിക്കും. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. ചൈനയിലെപ്പോലെ നഗരങ്ങള്‍ അടച്ചുപൂട്ടിയുള്ള കടുത്ത നിയന്ത്രണ നടപടികള്‍ക്കാണ് ഭരണകൂടം തുടക്കംകുറിച്ചിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍നിന്ന് പുറത്തിറങ്ങി നടക്കാന്‍ പോലും അനുവദിക്കില്ല. ദേശീയ അടിയന്തരാവസ്ഥയിലാണ് നാമിപ്പോള്‍ ഉള്ളതെന്നും പ്രതിരോധ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോന്‍തെ അഭ്യര്‍ത്ഥിച്ചു. കൊറോണ രോഗികളുടെ എണ്ണം കൂടിക്കൊട്ടിരിക്കെ ലോമ്പാര്‍ഡിയില്‍ ആരോഗ്യരംഗം തകിടം മറിഞ്ഞിരിക്കുകയാണ്. ചികിത്സ തേടിയെത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ ആശുപത്രി വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. മിലാനിലെ മാല്‍പെന്‍സ, ലിനാറ്റെ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ വരുന്നുണ്ടെങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. വിവാഹങ്ങളും മറ്റ് സ്വകാര്യ ആഘോഷ ചടങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. റെസ്‌റ്റോറുകളും കഫേകളും പകല്‍ സമയം മാത്രമേ തുറക്കാന്‍ പാടുള്ളു. ആളുകള്‍ ഒരു മീറ്റര്‍ അകലത്തില്‍ ഇരിക്കണം. പരമാവധി വീടുകളില്‍ തന്നെ തങ്ങാനാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് മാസം വരെ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.