ഇത്തിഹാദ് സഊദിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

    Etihad Airways Boeing 787-9 Dreamliner

    ദുബൈ:സഊദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ഇത്തിഹാദ് എയര്‍വേസ് താല്‍കാലികമായി റദ്ദാക്കി. കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അബുദാബിക്കും സഊദിക്കുമിടയില്‍ ഇത്തിഹാദ് പ്രതിദിനം 12 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. തീരുമാനം വരുന്നതിന് മുമ്പായി അബുദാബിയില്‍ നിന്നും റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയ വിമാനങ്ങളില്‍ നിന്നും സഊദി പൗരന്മാരെ മാത്രം ഇറക്കി മറ്റു യാത്രക്കാരെ അബുദാബിയിലേക്ക് തിരിച്ചെത്തിച്ചു. അബുദാബിയില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിന് പോയവരെ മറ്റൊരു വിമാനത്തിലും തിരിച്ചെത്തിച്ചു. റദ്ദാക്കി വിമാനങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ തിരികെ നല്‍കാനും യാത്ര ക്രമീകരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.